തൃശൂർ : കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ ചിമ്മിനി, പീച്ചി ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒക്ടോബർ 21-ലെ കണക്കനുസരിച്ച് ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററാണ്. ചിമ്മിനി ഡാമിൽ നിന്ന് കെ.എസ്.ഇ.ബി. ഫുൾ ലോഡ് ജനറേഷൻ വഴി 6.36 m3/s വെള്ളം പകൽ സമയങ്ങളിൽ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാൻ തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകി. ഇതുവഴി കുറുമാലി പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ മുതൽ 12 സെന്റിമീറ്റർ വരെ ഉയരുവാൻ സാധ്യതയുണ്ട്.
പീച്ചി ഡാമിലെ ജലനിരപ്പ് ഒക്ടോബർ 21 ഉച്ചയ്ക്ക് 12 മണിക്ക് 78.06 മീറ്ററും ആകെ സംഭരണശേഷിയുടെ 83.25 ശതമാനവുമാണ്; ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. പീച്ചി ഡാമിൽ കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉൽപാദന നിലയം വഴിയും, ശേഷമുള്ള അധികജലം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴിയും ഘട്ടം ഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഷട്ടറുകൾ പരമാവധി 10 സെന്റിമീറ്റർ വരെയും, തുടർന്ന് ഘട്ടം ഘട്ടമായി രണ്ടാം ഘട്ടത്തിൽ 10 സെന്റിമീറ്ററും, ആവശ്യമെങ്കിൽ മൂന്നാം ഘട്ടമായി 5 സെന്റിമീറ്ററും തുറന്ന് മണലി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാം. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് 20 സെന്റിമീറ്റർ കൂടി ഉയരുവാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളം തുറന്നു വിടുമ്പോൾ മണലി, കരുവന്നൂർ, കുറുമാലി പുഴകളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നില്ലായെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പാക്കേണ്ടതും, കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം വരുത്തേണ്ടതുമാണ്. അധികജലം ഒഴുകിവന്ന് ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗൺസ്‌മെന്റ് മുഖേന നൽകാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതാണ്. ദുരന്തനിവാരണ ആക്ട് 2005 ലെ സെക്ഷൻ 26(2), 34(a) (b) (c) (d) (e) (f) (j) (h) (1) (k) (m) എന്നീ വകുപ്പുകൾ പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.