തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച തുടര്‍വാദം നടക്കും. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇന്ന് ജാമ്യാപേക്ഷയിലെ വാദം നടന്നത്.
വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു.
നിലവില്‍ ഏഴ് ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസമില്ലെങ്കിലും ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയായിരിക്കും കോടതി വിധിവരിക.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം.
രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരന്, അജയ് തറയില്‍, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു
















