തിരുവനന്തപുരം: ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണം മറിച്ചു വിറ്റുവെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മതിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
രേഖകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും ഉള്‍പ്പെടെ പോറ്റിയുടെ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. പത്ത് മണിക്കൂറോളമാണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.