ന്യൂഡല്ഹി: രാഷ്ട്രപതി ഭവനില് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനായി ഒരുക്കിയ അത്താഴ വിരുന്നില് ഡോ ശശി തരൂര് എംപി പങ്കെടുത്തു. തരൂര് പങ്കെടുത്തതില് ഹൈക്കമാന്ഡിന് അതൃപ്തി. ഇന്നലെ രാത്രിയായിരുന്നു അത്താഴവിരുന്ന്് നടത്തിയത്്. വിരുന്നില് രാഹുല് ഗാന്ധി ഉള്പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോള് ലംഘനമാണെന്ന് കോണ്ഗ്രസ് വിമര്ശിച്ചു.
പ്രതിപക്ഷനേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയില് പങ്കെടുത്തവര് ഇതിന് മറുപടി പറയണമെന്നും കോണ്ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. തന്നെ വിളിച്ചാലും പോകില്ലായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്ത്തു. എന്തുകൊണ്ടാണ് മറ്റുള്ളവരെ വിളിക്കാത്തതെന്ന് തനിക്കറിയില്ലെന്ന് ശശി തരൂര് വ്യക്തമാക്കിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ക്ഷണം ലഭിക്കുകയും പങ്കെടുക്കുകയും ചെയ്യുമെന്ന് ഇന്നലെ തന്നെ ശശി തരൂര് നിലപാട് അറിയിച്ചിരുന്നു.
രാജ്യം സന്ദര്ശിക്കുന്ന രാഷ്ട്രത്തലവന്മാര്ക്ക് രാഷ്ട്രപതി ഭവനില് ചടങ്ങളോടെ അത്താഴവിരുന്ന് നല്കി ആദരിക്കുന്നത് ദീര്ഘാകാല പാരമ്പര്യമാണ്. എന്നാല് രാഹുല് ഗാന്ധിയെയോ മല്ലികാര്ജുന് ഖാര്ഗെയോ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.


















