തൃശൂര്‍: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫൈസല്‍ ജയില്‍ മോചിതനായി. ഇന്ന് വൈകീട്ട് വിയ്യൂര്‍ ജയിലില്‍ നിന്നാണ് താഹ പുറത്തിറങ്ങിയത്. യു.എ.പി.എ നിയമം ചുമത്തിയ സര്‍ക്കാര്‍ നടപടിയ്ക്ക് തിരിച്ചടിയാണ് തനിക്ക് ലഭിച്ച ജാമ്യമെന്ന് താഹ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലന്‍ ഹുഷൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.
2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Photo Credit: Newss Kerala