തൃശൂർ : വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും എറണാകുളത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.ഹർജിക്കാർ സിംഗപ്പൂർ, മലേഷ്യ ടൂറാണ് ബുക്ക് ചെയ്തിരുന്നത്. യാത്ര പുറപ്പെടുന്നതിനായി ഹർജിക്കാർ കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് വരുന്ന വഴിയെ, അത്താണിയിലുള്ള ഹോട്ടലിലെത്തുവാൻ എതിർകക്ഷികൾ ആവശ്യപ്പെടുകയായിരുന്നു. അപ്രകാരം ഹോട്ടലിലെത്തിയ ഹർജിക്കാരോട് അടുത്ത ദിവസമേ യാത്ര പുറപ്പെടാനാവൂ എന്നറിയിക്കുകയായിരുന്നു. വൈകിപ്പുറപ്പെടുന്നതുകൊണ്ട് ഒരു ദിവസത്തെ കാഴ്ചകൾ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചപ്പോൾ മാന്യമായ നഷ്ടപരിഹാരം നല്കാമെന്നാണ് അറിയിച്ചത്.എന്നാൽ യാത്ര കഴിഞ്ഞ് നാട്ടിലെത്തി നാളുകൾ കഴിഞ്ഞിട്ടും നഷ്ടം നൽകുകയുണ്ടായില്ല.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിസാ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ് ഒരു ദിവസം നഷ്ടപ്പെട്ടതെന്നും അത് അവരുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന സംഭവമായിരുന്നില്ല എന്നുമായിരുന്നു എതിർകക്ഷികളുടെ വാദം.കോടതി ഈ വാദങ്ങൾ അംഗീകരിക്കുകയുണ്ടായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 10000 രൂപ വീതം മൊത്തം 20000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു, 22500 രൂപ നൽകുവാൻ വിധി.
