തൃശൂര്‍: പ്രൊഫഷണല്‍ നാടകരംഗത്ത് യുവതലമുറയുടെ സാന്നിധ്യം കുറഞ്ഞുവരുന്നതായി ആര്‍ട്ടിസ്റ്റ് സുജാതന്‍ അഭിപ്രായപ്പെട്ടു. നാടക പ്രവര്‍ത്തകരിലും, കാണികളിലും പുതുതലമുറക്കാര്‍ വളരെ കുറവാണ്. അന്‍പതിന് വയസ്സിന് മുകളിലുള്ളവരാണ് ഇപ്പോഴും കൂടുതല്‍ നാടകം കാണാന്‍ എത്തുന്നതെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു.
നാടകരംഗത്തിന് വേണ്ടത്ര പരിഗണന സമൂഹത്തില്‍ നിന്ന് കിട്ടുന്നില്ല. സിനിമ, സീരിയല്‍ രംഗത്ത് കിട്ടുന്നവര്‍ക്കുള്ള അംഗീകാരം പോലും നാടകപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ല. . മാധ്യമപരിഗണനയും പഴയപോലെ നാടകരംഗത്തോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന സുജാതന്‍ മാഷ് കഴിഞ്ഞ പത്ത് വര്‍ഷമായി ഇറ്റ്‌ഫോക്കിന്റെ സംഘാടന രംഗത്തുണ്ട്.
ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗാലറി ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ്.
ഇത്തവണയും ഏഴ് വേദികളുടെയും രംഗപശ്ചാത്തലങ്ങളും ആര്‍ട്ടിസ്റ്റുകളുടെ വസ്ത്രാലങ്കാരങ്ങളും ഒരുക്കുന്നത് സുജാതന്‍ മാഷിന്റെ നേതൃത്വത്തിലാണ്. വിദേശനാടകങ്ങള്‍ക്കും അവരുടെ നിര്‍ദ്ദേശം അനുസരിച്ചു രംഗസാമഗ്രികള്‍ ഒരുക്കുന്നത് ഈ സംഘം തന്നെ.
വേദികള്‍ക്ക് വേണ്ടി ഒരുക്കുന്ന രംഗസാമഗ്രികള്‍ ഏറെയും തടി കൊണ്ടാണ് നിര്‍മ്മിക്കുക. ഓരോ മേളയ്ക്ക് ശേഷവും സാമഗ്രികള്‍ അടുത്ത മേളയ്ക്ക് ഉപയോഗിക്കാന്‍ എടുത്തു വയ്ക്കുകയാണ് പതിവ്. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയില്‍ ഇങ്ങനെ എടുത്തുവച്ച സാമഗ്രികള്‍ മുഴുവന്‍ നശിച്ചുപോയതിനാല്‍ ഈ വര്‍ഷം എല്ലാം പുതിയത് നിര്‍മ്മിക്കേണ്ടി വന്നു. 1967 മുതല്‍ പ്രൊഫഷണല്‍ നാടകരംഗത്ത് സജീവമാണ് സുജാതന്‍ മാഷ്. കെപിഎസി പോലുള്ള പ്രമുഖ നാടകട്രൂപ്പുകള്‍ക്ക് വേണ്ടി വേദിയൊരുക്കാനും അദ്ദേഹം മുന്നിലുണ്ട്.