തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരം അവസാനിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. സമരം തുടങ്ങി 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് രാപകല്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാര്‍. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.
ഓണറേറിയം വര്‍ധനയുടെ ക്രെഡിറ്റ് നേടാന്‍ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിര്‍ണായക നീക്കം. കേരളപ്പിറവി ദിനമായ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാസമര സമിതി വിജയദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആശമാരെ അവഗണിച്ചവര്‍ക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകള്‍ കയറി ക്യാമ്പയിന് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.














