കൊച്ചി: യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകളുടെയും ബി.ജെ.പി അനുകൂല സംഘടന ഫെറ്റോയുടെയും നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങി. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ചില ഭരണപക്ഷ ജീവനക്കാരെ സമരക്കാര്‍ തടയാന്‍ ശ്രമിച്ചത്് സംഘര്‍ഷത്തിനിടയാക്കി. സെക്രട്ടേറിയറ്റ് എംപ്ലോയീസിലെ ചില ജീവനക്കാരുമായാണ് പ്രതിപക്ഷ സംഘടനയിലെ ചില നേതാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. കമ്പും, വടിയുമായി ചില ജീവനക്കാര്‍ രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീണ്ടു.
പോലീസ് എത്തിയാണ് സമരത്തിനില്ലാത്ത ജീവനക്കാരെ കടത്തിവിട്ടത്. ജോലിക്കെത്തിയ ജീവനക്കാരെ കൂക്കിവിളികളോടെ സമരക്കാര്‍ എതിരേറ്റതാണ് പ്രകോപനത്തിന് കാരണമായത്.
ശമ്പള പരിഷ്‌കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ തുടങ്ങി പൊതു സര്‍വീസിലെ അപാകതകളും മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഇന്ന് അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനാ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലും പണിമുടക്കി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ സംഘടനക്കകത്തെ പ്രശ്‌നം കാരണം സെക്രട്ടേറിയറ്റ് അസോസിയേഷനില്‍ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തിട്ടുമുണ്ട്. അതേസമയം ആനുകൂല്യങ്ങള്‍ക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നല്‍കുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.