കൊച്ചി: ഫോട്ടോ ജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിന്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമ കൊച്ചി യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ ജിബിൻ ജെ. ചെമ്പോല അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം വിക്ടറിന്റെ ഓർമ ദിവസമായ ജൂലൈ ഒൻപതിന് കോട്ടയം പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. മുറിഞ്ഞല്ലോ, സ്വപ്നം! എന്ന ക്യാച്ച് വേഡിൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്താ ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിയുന്ന രംഗം പകർത്തിയ ക്ലിക്കാണ് ജിബിന് പുരസ്കാരം നേടിക്കൊടുത്തത്. മുതിർന്ന ഫോട്ടോഗ്രാഫർമാരായ ലീൻ തോബിയാസ്, ബി. ചന്ദ്രകുമാർ, കെ. രവികുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
വിക്ടർ ജോർജ് പുരസ്കാരം ജിബിൻ ജെ. ചെമ്പോലയ്ക്ക്
