പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്തൃകുടുംബത്തിനെതിരെ പരാതി. അര്‍ച്ചന(20) വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയത്്. ഭര്‍ത്താവ് ഷാരോണ്‍ അര്‍ച്ചനയെ കൊന്നതാണെന്ന് അര്‍ച്ചനയുടെ പിതാവ് ഹരിദാസ് ആരോപിച്ചു. മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു അര്‍ച്ചന. സംശയത്തിന്റെ പേരില്‍ ഷാരോണ്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
ആറ് മാസം മുന്‍പായിരുന്നു അര്‍ച്ചനയുടെയും ഷാരോണിന്റെയും വിവാഹം. വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ ഷാരോണിനൊപ്പം അര്‍ച്ചന ഇറങ്ങിപ്പോവുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അര്‍ച്ചനയെ ഷാരോണ്‍ ഉപദ്രവിക്കാന്‍ തുടങ്ങി. അര്‍ച്ചന പഠിക്കുന്നതില്‍ ഷാരോണിന് താത്പര്യം ഇല്ലായിരുന്നു. ഒരിക്കല്‍ കോളേജിന്റെ മുന്‍പില്‍വച്ച് പോലും മര്‍ദ്ദിച്ചു. സംഭവം കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടതിനെ തുടര്‍ന്ന് അര്‍ച്ചനയുടെ വീട്ടില്‍ വിവരം അറിയിച്ചു. ആ സമയത്ത് കുടുംബം കേസ് കൊടുത്തെങ്കിലും ഷാരോണിനെ പിരിയാന്‍ അര്‍ച്ചന തയ്യാറായില്ലെന്ന് കുടുംബം പറയുന്നു.മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ അര്‍ച്ചനയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. കുടുംബം ഷാരോണിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, ക്രമേണ ഷാരോണ്‍ ഫോണ്‍ എടുക്കാതായി. ആറ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അര്‍ച്ചനയോട് അവസാനമായി സംസാരിച്ചത്. ഭര്‍ത്തൃവീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു. നിലവില്‍ ഭര്‍ത്താവ് ഷാരോണ്‍ കസ്റ്റഡിയിലാണ്.
വരന്തരപ്പിള്ളിയില്‍ യുവതിയുടെ ആത്മഹത്യ:ആരോപണവുമായി കുടുംബം
















