Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിശ്രമമില്ലാത്ത ബസ്സോട്ടം, അമിത വേഗം; വടക്കഞ്ചേരിയിൽ പൊലിഞ്ഞത് 9 ജീവനുകൾ

മോട്ടോർ വാഹന അധികൃതരെ രേഖാമൂലം ഇത്തരം വിനോദയാത്രകൾ അറിയിക്കണമെന്ന് ഔദ്യോഗികമായ അറിയിപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മോട്ടോർ വാഹന വകുപ്പ്  നൽകിയിട്ടുള്ളതാണ് എന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇത് സ്കൂൾ അധികൃതർ പാലിച്ചിട്ടില്ല എന്നാണ് വിവരം. വിനോദയാത്രയെക്കുറിച്ച് പോലീസിൽ അറിയിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പിനെയാണ് അറിയിക്കേണ്ടത് എന്ന വിവരം പോലീസ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല……….

കൊച്ചി: വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞ് ആവശ്യമായ ഉറക്കമോ വിശ്രമമോ ഇല്ലാതെ എറണാകുളം മുളംന്തുത്തിയിൽ നിന്ന്  ഊട്ടിയിലേക്ക് യാത്ര പോയ ‘ലൂമിനസ് ‘ എന്ന ടൂറിസ്റ്റ് ബസ് ആണ് അഞ്ചു വിദ്യാർത്ഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസി ബസ് യാത്രക്കാരായ മൂന്ന് യുവാക്കളുടെയും ജീവനെടുത്ത അതിദാരുണമായ മരണത്തിലേക്ക് നയിച്ചത്.

ബസിന്റെ ഡ്രൈവർ ജോമോൻ പൂക്കോടൻ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വിയർത്ത് കുളിച്ച് ഊട്ടി ട്രിപ്പിനായി മുളന്തുരുത്തി സെൻറ് ബസേലിയോസ് വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ താങ്കൾക്ക് വിശ്രമം ആവശ്യമില്ലേ എന്ന് കുട്ടികളുടെ രക്ഷിതാക്കൾ ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ആവലാതിപ്പെടേണ്ട എന്നും താൻ പരിചയസമ്പന്നനായ ഡ്രൈവർ ആണെന്നും ആയിരുന്നു ജോമോന്റെ മറുപടി.

അപകടം ഉണ്ടായ സമയത്ത് 97.2 കിലോമീറ്റർ വേഗതയിലാണ് ബസ് ഓടിയിരുന്നത് എന്ന് ജിപിഎസിൽ നിന്ന് വിവരം ലഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ടൂറിസ്റ്റ് ബസ് മറ്റൊരു ബസ്സിനെ  മറികടക്കാൻ ശ്രമിക്കുന്ന സമയത്താണ് നിയന്ത്രണംവിട്ട് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിന്റെ പുറകിൽ വലതുഭാഗത്ത് ഇടിച്ചുകയറിയത്. വലതുഭാഗത്ത് പിന്നിൽ നിന്നുള്ള നാലു നിരകളിലുള്ള സീറ്റുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. ടൂറിസ്റ്റ് ബസ്സിന്റെ കാബിനിന്റെ ഇടതുഭാഗവും പൂർണ്ണമായും തകർന്നു. പാലക്കാട്-തൃശൂർ ദേശീയപാതയിലായിരുന്നു അപകടം.

ഇടിച്ച ടൂറിസ്റ്റ് ബസ് ഏകദേശം 300 മീറ്റർ മുന്നിലേക്ക് നീങ്ങി ഒരു ചതുപ്പിലേക്ക് ചരിയുകയായിരുന്നു എന്ന് കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവർ സുമേഷ് പറഞ്ഞു. നാൽപ്പത്തിലധികം ആളുകൾക്ക് ഈ അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഏഴുപേരുടെ നില ഗുരുതരമാണ്. വടക്കഞ്ചേരി താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. പിന്നീട് പലരെയും വിദഗ്ധ ചികിത്സയ്ക്കായി പല സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട് എന്നാണ് വിവരം.

ഇന്നലെ രാത്രി 11:30 മണിക്കായിരുന്നു അപകടം. അപകടത്തിൽപ്പെട്ട മരണപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ റോഡിൽ രാത്രി ചിന്നിചിതറി കിടക്കുകയായിരുന്നു. രാത്രി ആയതിനാൽ വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വാഹനങ്ങൾ ലഭ്യമായില്ല. പല വാഹനങ്ങളും നിർത്താതെ പോയെന്ന് പ്രദേശവാസികൾ പറഞ്ഞു. കള്ള് കൊണ്ടുപോകുന്ന പിക്കപ്പ് വാനാണ് ആദ്യമായി രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിർത്തിയത്. കെഎസ്ആർടിസി ബസ്സിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് രണ്ട് തവണ മലക്കംമറിയുകയും ക്രെയിൻ എത്തിച്ച ഈ ബസ് ഉയർത്തിയ ശേഷമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു.  

ടൂറിസ്റ്റ് ബസ്  ഡ്രൈവർ വടക്കഞ്ചേരിയിലെ ഇ. കെ നായനാർ ആശുപത്രിയിൽ പുലർച്ചെ മൂന്നുമണിയോടുകൂടി എത്തുകയും ചികിത്സ ലഭിച്ചശേഷം ബസ്സിന്റെ മുതലാളിമാർ വന്ന് രാവിലെ ആറുമണിക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ചില സ്ഥലങ്ങളിൽ തൊലിപോയത് ഒഴിച്ചാൽ ഇയാൾക്ക് വലിയ പരിക്കുകൾ പറ്റിയിട്ടില്ല എന്ന ചികിത്സിച്ച ഡോക്ടർ പറഞ്ഞു. സ്കൂളിലെ അധ്യാപകനാണ് താനെന്ന് ആദ്യം പരിചയപ്പെടുത്തിയ ഡ്രൈവർ പിന്നീടാണ് താനാണ് ബസ് ഓടിച്ചിരുന്നത് എന്ന് പറഞ്ഞതായി ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും പറഞ്ഞു. ഡ്രൈവറായ ജോമോൻ, ജോജോ പത്രോസ് എന്ന പേരിലാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇദ്ദേഹം ഇതുവരെ പോലീസിൽ കീഴടങ്ങിയിട്ടില്ല എന്നാണ് വിവരം.

മോട്ടോർ വാഹന വകുപ്പ് അധികൃതരെ വിനോദയാത്രയ്ക്ക് പോകുന്ന കാര്യം രേഖാമൂലം അറിയിച്ചിരുന്നു എന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി മുളന്തുരുത്തിയിൽ എത്തിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 15 മുതൽ 17 വയസ്സ് പ്രായമുള്ള പ്ലസ് ടൂ -പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. സ്കൂളിലെ കായിക അധ്യാപകനായ വി.കെ വിഷ്ണുവും (33) അപകടത്തിൽ മരണപ്പെട്ടു.  കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവ ബാസ്ക്കറ്റ്ബോൾ താരവും അപകടത്തിൽ മരണപ്പെട്ടു. തൃശ്ശൂർ മൈനർ റോഡ് സ്വദേശി രോഹിത് രാജ്, 24, ആണ് ബാസ്ക്കറ്റ് ബോൾ താരം. കൊല്ലം വെളിയം സ്വദേശി അനൂപ് , 24, ആണ് കെ എസ് ആർ ടി സി ബസ് യാത്രക്കാരനായ  മരണപ്പെട്ട മറ്റൊരാൾ. 

മോട്ടോർ വാഹന അധികൃതരെ രേഖാമൂലം ഇത്തരം വിനോദയാത്രകൾ അറിയിക്കണമെന്ന് ഔദ്യോഗികമായ അറിയിപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മോട്ടോർ വാഹന വകുപ്പ്  നൽകിയിട്ടുള്ളതാണ് എന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇത് സ്കൂൾ അധികൃതർ പാലിച്ചിട്ടില്ല എന്നാണ് വിവരം. വിനോദയാത്രയെക്കുറിച്ച് പോലീസിൽ അറിയിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പിനെയാണ് അറിയിക്കേണ്ടത് എന്ന വിവരം പോലീസ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആഡംബര വെളിച്ചം വച്ചതിന് മോട്ടോർ വാഹന വകുപ്പ് രണ്ടുതവണ നടപടിയുടുത്ത ‘ലൂമിനസ് ‘ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ബസിന് ഓട്ടം പോകാൻ തടസ്സമില്ല എന്ന് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ  കോട്ടയം ആർടിഒ അധികൃതർ പറഞ്ഞു.

എന്നാൽ ഹൈക്കോടതി തന്നെ നിരോധിച്ച ലൈറ്റുകൾ വച്ചിട്ടുള്ള ബസ്സിന് എങ്ങിനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ഇന്ന് സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്ത ഹൈക്കോടതി ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *