തൃശൂർ: ആസ്തിവികസന ഫണ്ട് വഴി സംസ്ഥാനത്തെ വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം ഈ വർഷം സർക്കാർ നൽകുമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മൃതി പുരസ്കാരം സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചഷണനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിനു സമ്മാനിച്ചു. അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും വായനയിലൂടെ പ്രതിരോധിക്കാൻ നിയമസഭ ലൈബ്രറിയുടെ ജൂബിലി വർഷം ഒരോ നിയോജക മണ്ഡലത്തിലും മുന്നു ലക്ഷം രൂപയുടെ പുസ്തകങ്ങൾ ആസ്തി ഫണ്ട് വഴി എം.എൽ.എമാർ നൽകും . മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
10000 രൂപയുടെ പുസ്തകവും കീർത്തി പത്രവുമായിരുന്നു പുരസ്കാരം. വേദവും സംസ്കൃതവും വാമൊഴിയായി ബാല്യത്തിൽ പഠിക്കാനായത് തനിക്കും ഭട്ടതിരിക്കും ഇ.എം.എസ്സിനും പിന്നിട് പ്രയോജനപ്പെട്ടു. അർഹിക്കുന്ന അംഗീകാരം സാഹിത്യ രംഗത്ത് പണ്ഡിതനായിരുന്നിട്ടും നാരായണ ഭട്ടതിരിക്ക് വേണ്ടത്ര ലഭിക്കാതെ പോയതിൽ വേദനയുണ്ടെന്നു ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് വി.മുരളി അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ജി. സത്യൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ, വി.കെ.നാരായണഭട്ടതിരി ട്രസ്റ്റ് അംഗം ഡോ.കെ. നീലകണ്ഠൻ, ലിസി കോര, കെ.എസ്.അബ്ദുൾ റഹിമാൻ , ഉസൈബാ ബീവി, കെ.ഒ. വിൻസെന്റ്, പി.കെ. സദാശിവൻ ,എം.കെ. ഉസ്മാൻ , എം.എം. മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.