കൊച്ചി: നിരവധി എക്സ്ക്ലൂസീവ് വാർത്തകൾ ഏഷ്യാനെറ്റിലൂടെ റിപ്പോർട്ട് ചെയ്തു ശ്രദ്ധേയനായ ന്യൂസ് സീനിയർ റിപ്പോർട്ടർ ടി.വി പ്രസാദ് ചാനൽ വിട്ടു. ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ സിപിഎമ്മിന്റെ കൊട്ടേഷൻ ടീം അംഗങ്ങൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും മയക്ക് മരുന്ന് സ്മാർട്ട് ഫോണും യഥേഷ്ടം ലഭ്യമാകുന്നുണ്ട് എന്നും അവിടെ അവർ ആഡംബര ജീവിതം നയിക്കുകയാണ് എന്ന വാർത്ത തെളിവുകൾ സഹിതം പുറത്തുവിട്ടാണ് പ്രസാദ് ആദ്യം ശ്രദ്ധ നേടുന്നത്.
പിന്നീട് ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് കുട്ടനാട് എംഎൽഎയും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അനധികൃതമായി നിലം നികത്തി റിസോർട്ടിന് പാർക്കിംഗ് നിർമ്മിച്ചു എന്ന് വാർത്തയും ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിരന്തരമായുള്ള നിയമലംഘനങ്ങളുടെ ഫോളോ അപ്പ് വാർത്തകളും തോമസ് ചാണ്ടിയെയും സിപിഎമ്മിനെയും വെട്ടിലാക്കി. തോമസ് ചാണ്ടിക്ക് വിഷയത്തിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.
തിരുവനന്തപുരം സിപിഎം നേതാവിന്റെ മകളായ മുൻ എസ്എഫ്ഐ ഭാരവാഹിയായ അനുപമക്ക് പങ്കാളിയിൽ ജനിച്ച കൈക്കുഞ്ഞിനെ ബാലാവകാശ കമ്മീഷന്റെ കൂടെ ഒത്താശയോടെ ആന്ധ്രാപ്രദേശിൽ ഉള്ള ദമ്പതികൾക്ക് ദത്തു കൊടുത്തതും പ്രസാദ് പുറത്തുകൊണ്ടുവന്ന വലിയ കോലിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു. കുഞ്ഞിനെ തിരികെ കേരളത്തിൽ എത്തിച്ച് അനുപമയ്ക്ക് കൈമാറി ബാലാവകാശ കമ്മീഷൻ തടിയൂരി. മറ്റ് ശ്രദ്ധേയമായ നിരവധി വാർത്തകളും പ്രസാദ് ചെയ്തിട്ടുണ്ട്.
റിപ്പോർട്ടർ ചാനൽ പുതിയ മാനേജ്മെന്റിന്റെ കൈകളിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് വിട്ട് റിപ്പോർട്ടറിലേക്ക് ഡെപ്യൂട്ടി ന്യൂസ്എഡിറ്ററായി ചേക്കേറുകയാണ് പ്രസാദ് എന്നാണ് വിവരം. കണ്ണൂർ സ്വദേശിയായ പ്രസാദ് കരിവള്ളൂർ എന്ന പാർട്ടി ഗ്രാമത്തിലാണ് ജനിച്ചവളർന്നത്. ഇടക്കാലത്ത് സജീവ ഇടതുപക്ഷ പ്രവർത്തകനായിരുന്നു. പിന്നീടാണ് മാധ്യമ രംഗത്തേക്ക് വരുന്നത്.
പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് ഇറങ്ങി….
13 വർഷം(കൃത്യമായി പറഞ്ഞാൽ 12 വർഷവും 4 മാസവും) ചെറിയ കാലയളവല്ല. ഈ കാലയളവിൽ വലുതും ചെറുതുമായി ഒട്ടേറെ വാർത്തകൾ ചെയ്യാൻ കഴിഞ്ഞു എന്ന അഭിമാനത്തോടെയാണ് ഇറങ്ങുന്നത്. ഒരു ജേർണലിസ്റ്റിനെ അയാൾ ചെയ്ത വാർത്തയുടെ പേരിൽ ആരെങ്കിലും അറിയുന്നു എങ്കിൽ ജേണലിസം വിജയിച്ചു എന്ന് പറയുന്ന ആളാണ് ഞാൻ. ഇന്ന വാർത്ത ചെയ്ത റിപ്പോർട്ടറല്ലേ എന്ന് ചോദിക്കുമ്പോഴാണ് ജേർണലിസ്റ്റിന് അഭിമാനം ഉണ്ടാകേണ്ടതും.
1. ടിപി ചന്ദ്രശേഖരൻ കേസിലെ കൊടി സുനി അടക്കമുള്ള കൊലയാളി സംഘത്തിൻ്റെ ജയിലിലെ ഫോണുപയോഗവും ഫേസ്ബുക്ക് ഉപയോഗവും പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞു.
2.ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച കുട്ടനാട്ടിലെ നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്നു, പിന്തുടർന്നു..
3.കുട്ടനാട്ടിലെ പാവപ്പെട്ട കർഷകരെ വായ്പാക്കെണിയിൽ കുടുക്കി ചൂഷണം ചെയ്ത ഫാദർ തോമസ് പീലിയാനിക്കലിനെ തുറന്നുകാട്ടാനായി.
4. കുഞ്ഞിനെ അനധികൃതമായി ദത്ത് കൊടുക്കാനൊരുങ്ങിയ സംവിധാനങ്ങളെ തുറന്നുകാട്ടി അനുപമയ്ക്ക് കുഞ്ഞിനെ സ്വന്തമാക്കാൻ കഴിഞ്ഞു.
5. പതിനൊന്ന് വർഷം മുമ്പ് കാണാതായ അമ്മയും കുഞ്ഞും തിരുവനന്തപുരത്ത് മാഹിൻ കണ്ണ് എന്ന ക്രിമിനലായ കാമുകൻ കടലിൽ കൊന്നു തള്ളിയതാണെന്ന് കണ്ടെത്താൻ വാർത്തകൾ സഹായിച്ചു..
ഇങ്ങനെ നിരവധി വാർത്തകൾ ഏഷ്യാനെറ്റ്ന്യൂസിൻ്റെ ഭാഗമായി ചെയ്തു. ഒരുപാട് ശത്രുക്കളുണ്ടായി. പല തവണ ആക്രമണം ഉണ്ടായി. ഈ പോസ്റ്റിനടിയിൽ പോലും അങ്ങനെയുള്ളവർ വന്ന് ഓരിയിടും എന്നുറപ്പാണ്. അതൊന്നും മുമ്പും മൈൻഡ് ചെയ്യാറില്ല, ഇനിയും തീരെയില്ല.. ഒരുപാട് പേർക്ക് പ്രയോജനമാകുന്നതടക്കമുള്ള വലിയ വാർത്തകൾ ഇനിയും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. അത് തുടരുക തന്നെ ചെയ്യും..
കുറച്ച് നീട്ടിയുള്ള സൈൻ ഓഫ്.. ടിവി പ്രസാദ്, ഏഷ്യാനെറ്റ് ന്യൂൂൂസ് ഇനിയില്ല
ഏഷ്യാനെറ്റ് ന്യൂസിനോട് വിട പറയുന്നു..