തൃശൂര്‍: നാളെ ( ആഗസ്റ്റ് 10) ജില്ലയിലെ നേഴ്സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്ന് യുണൈറ്റഡ് നേഴ്സിംഗ് അസോസിയേഷന് അറിയിച്ചു.
കൈപ്പറമ്പ് നൈല്‍ ആശുപത്രിയിലെ നേഴ്സുമാരെ എം.ഡി മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമ്പൂര്‍ണ പണിമുടക്ക്. നേഴ്സുമാരെ മര്‍ദിച്ച നൈല്‍ ആശുപത്രി എം.ഡി.ഡോ.അലോക് വര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
നൈല്‍ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ മാസം നേഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നിരുന്നു.
ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നേഴ്സുമാര്‍ പ്രതിരോധിച്ചു. മര്‍ദ്ദനത്തില്‍ ഗര്‍ഭിണിയായ നേഴ്സുമാര്‍ ഉള്‍പ്പെടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദിച്ചുവെന്നാരോപിച്ച് ഡോ.അലോകും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.