Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വടക്കുന്നാഥനില്‍ അഴകായി, ആനന്ദക്കാഴ്ചയായി ആനയൂട്ട്

തൃശൂര്‍:  തൃപ്രസാദത്തിനായി വടക്കുന്നാഥന്റെ അമ്പലവട്ടത്ത് അറുപത് ഗജകേസരികള്‍ അണിനിരന്നത് ഭക്തര്‍ക്ക് ആനന്ദക്കാഴ്ചയായി. തുള്ളിക്കുടം പോലെ പെയ്തുനിറഞ്ഞ കര്‍ക്കിടകമഴയിലും ആനയൂട്ട് ദര്‍ശിക്കാന്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. 13 പിടിയാനകളടക്കം അറുപതോളം ഗജകേസരികള്‍ ആനയൂട്ടിനെത്തി. ഗുരുവായൂര്‍ ദേവസ്വത്തിലെ പിടിയാന ദേവിയ്ക്ക്  മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിട്ടു. തുടര്‍ന്ന് ഭക്തര്‍ കര്‍ക്കിടകത്തിലെ ദുര്‍ഘടങ്ങളകറ്റാന്‍ വിഘ്‌നേശ്വരനെ മനസ്സില്‍ ധ്യാനിച്ച് ആനകളെ ഊട്ടി. ഗുരുവായൂര്‍ ദേവസ്വത്തിലെ ആറ് ആനകള്‍ ആനയൂട്ടിനെത്തി. എറണാകുളം ശിവകുമാര്‍, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, ഗുരുവായൂര്‍ രാജശേഖരന്‍ തുടങ്ങിയ തലയെടുപ്പുള്ള കൊമ്പന്‍മാരും ആനയൂട്ടിനെത്തി.

 500 കിലോ അരിയുടെ ചോറ് ശര്‍ക്കര, മഞ്ഞ പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കിയത്.. കൂടാതെ പൈനാപ്പിള്‍, കക്കിരി, തണ്ണിമത്തന്‍, പഴം, തുടങ്ങി എട്ടോളം പഴവര്‍ഗ്ഗങ്ങളും, ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ആനകള്‍ക്ക് നല്‍കി.
പടിഞ്ഞാറെ ഗോപുരം വഴി ആനകള്‍ ക്ഷേത്രത്തിലെത്തി..  .ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ പടിഞ്ഞാറെ ഗോപുരതിന് സമീപം റാമ്പ് സൗകര്യം ഒരുക്കിയിരുന്നു. ആനയൂട്ട് ഒരു കോടി രൂപക്ക് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്.

രാമായണ മാസാചരണതിന് തുടക്കം കുറിച്ച് ക്ഷേത്രത്തില്‍  അഷ്ടദ്രവ്യമഹാ ഗണപതി ഹോമവും നടന്നു.
രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം തുടങ്ങി. ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം, 2000 കിലോ ശര്‍ക്കര, 2000 കിലോ അവില്‍, 500 കിലോ മലര്‍,60 കിലോ എള്ള്, 50 കിലോ തേന്‍, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ചു.   പതിനായിരം പേര്‍ക്ക് അന്നദാനവും നടത്തി. വൈകീട്ട് നിറമാല ചുറ്റുവിളക്ക് കൂടാതെ കൂത്തമ്പലത്തില്‍ വിശേഷാല്‍ ഭഗവതി സേവയും ഉണ്ടായിരിക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ദേവസ്വം  ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്
മന്ത്രി കെ.രാജന്‍, കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ, എ.ഡി.ജി.പി പി.വിജയന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്് ഡോ.സുദര്‍ശന്‍ എന്നിവര്‍ ആനയൂട്ടിനെത്തി.
വടക്കുന്നാഥക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് പി.പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *