തൃശൂര്‍: കന്നിവെയിലിന്റെ ചൂടാറും മുന്‍പേ മടകളിലെ ‘പുലി’കള്‍ നഗരത്തിലെ തെരുവുകളിലേക്കിറങ്ങി. താളമേളങ്ങള്‍ക്കനുസരിച്ച് തുള്ളിക്കളിച്ച ‘പുലി’കള്‍ക്കൊപ്പം വര്‍ണശബളമായ നിശ്ചലദൃശ്യങ്ങളോടെ ഘോഷയാത്രയായി സംഘങ്ങളെല്ലാം സന്ധ്യയോടെ സ്വരാജ് റൗണ്ടിലെത്തി. നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ നിലവിളക്ക് തെളിയിച്ച് തേങ്ങയുടച്ച് തൊഴുകൈകളുമായി ചായങ്ങളും, ചമങ്ങളുമണിഞ്ഞ മനുഷ്യപ്പുലികള്‍ ആനന്ദനൃത്തമാടി. തുടര്‍ന്ന് ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം ചുവടുവെച്ച് ജനസാഗരം സാക്ഷിയായി തേക്കിന്‍കാട് മൈതാനം വലംവെച്ചു.
നഗരത്തെ മിന്നിച്ച് പുലികളുടെ പെരുങ്കളിയാട്ടത്തിന് സമാപനമായത് രാത്രി ഒന്‍പതര മണിയോടെയായിരുന്നു.
7 സംഘങ്ങളില്‍ നിന്നായി 387 പുലികളായിരുന്നു പുലിക്കളി മാമാങ്കത്തില്‍ അണിനിരന്നത്. വരയന്‍ പുലികളും, ഫ്‌ളൂറസെന്റ് പുലികളും, കരിമ്പുലികളും, മാന്തുംപുലികളും, പുലിമുഖം വരച്ച വലിയ വയറന്‍ പുലികളും നഗരത്തില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മനംനിറച്ചു. 6 വയസ്സുകാരന്‍ മുതല്‍ 60 വയസ്സുകാര്‍ വരെ പുലിവേഷമിട്ടെത്തി.ഇത്തവണ പത്തോളം പെണ്‍പുലികളും മഹോത്സവത്തിന് കൗതുകക്കാഴ്ചയായി. എല്‍.ഇ.ഡി പുലികളെയും, കുട്ടിപുലികളെയും പുരുഷാരം ഹര്‍ഷാരവങ്ങളോടെ വരവേറ്റു.
വിയ്യൂര്‍ ദേശം, വിയ്യൂര്‍ യുവജനസംഘം, കാനാട്ടുകര ദേശം, ശങ്കരംകുളങ്ങര ദേശം, പൂങ്കുന്നം ചക്കാമുക്ക് ദേശം, പൂങ്കുന്നം സീതാറാം മില്‍ ദേശം, പാട്ടുരായ്ക്കല്‍ ദേശം എന്നീ ടീമുകളാണ് പുലിക്കളി മഹോത്സവത്തിന് അണിനിരന്നത്. സീതാറം മില്‍ ദേശം എം.ജി.റോഡ് വഴിയാണ് നടുവിലാലിലൂടെ റൗണ്ടിലെത്തിയത്. ശങ്കരംകുളംങ്ങര, കാനാട്ടുകര സംഘങ്ങള്‍ പടിഞ്ഞാറെ കോട്ടയിലൂടെയും ചക്കാമുക്ക് സംഘം കോട്ടപ്പുറം വഴിയും എം.ജി റോഡിലെത്തി നായ്ക്കനാലിലൂടെ റൗണ്ടിലെത്തി. വിയ്യൂര്‍ യുവജനസംഘവും, വിയ്യൂര്‍ ദേശം പുലിക്കളി സംഘവും ബിനി ജംഗ്ഷന്‍ വഴി റൗണ്ടില്‍ പ്രവേശിച്ചു.
പുലിവേഷത്തിനുയോജിച്ച രീതിയില്‍ വ്യത്യസ്തനിറങ്ങളിലുള്ള കൈകാലുറകളിലാണു പുലിനഖങ്ങള്‍ പിടിപ്പിച്ചിരിക്കുന്നത്. സംഘങ്ങള്‍ക്കൊപ്പം വര്‍ണാഭമായ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു, എം.എല്‍.എ.പി.ബാലചന്ദ്രന്‍, മേയര്‍ എം.കെ.വര്‍ഗീസ്, ഡപ്യൂട്ടി മേയര്‍ എം.എല്‍.റോസി, കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയ പ്രമുഖരുടെ വന്‍നിര തന്നെ പുലിക്കളി കാണാനെത്തിയിരുന്നു.