തൃശൂര്‍: പുലിക്കളി മഹോത്സവം റിപ്പോര്‍ട്ട് ചെയ്യാനിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പുലിക്കളി സംഘാടകരുടെ അസഭ്യവര്‍ഷവും, കയ്യേറ്റശ്രമവും. കോര്‍പറേഷന്റെ മീഡിയാ പാസുമായി പുലിക്കളി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ, ഫോട്ടോഗ്രാഫര്‍മാരില്‍ പലര്‍ക്കും ഒരുവിഭാഗം സംഘാടകരില്‍ നിന്ന് തിക്താനുഭവമുണ്ടായി. നടുവിലാലിലും, നായ്ക്കനാലിലും ചില സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചു. നടുവിലാലില്‍ പത്രഫോട്ടോഗ്രാഫറെ സംഘാടകര്‍ തള്ളിയതിനെ തുടര്‍ന്ന് നിലത്തുവീണു. സംഘാടകരില്‍ ചിലര്‍ ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പത്ര,ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കായി സജ്ജമാക്കിയ പവലിയനില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായി ചമഞ്ഞ് നിരവധി പേര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.
സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരെ ബലമായി തടയുമ്പോള്‍ പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നിന്നു. വൈകീട്ട് 5 മണിയോടെ ആദ്യത്തെ സംഘം റൗണ്ടില്‍ പ്രവേശിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോയെടുക്കാറുള്ളത്. വെളിച്ചം അണയും മുമ്പേ തെളിച്ചമുള്ള ചിത്രം കിട്ടുന്നതിന് വേണ്ടിയാണ് നേരത്തെ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്നത്. സംഘാടകരില്‍ പ്രധാനികളല്ലാത്ത ചില സഹായികളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പുലിവേഷമിട്ടവര്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ കാണികളെ കയര്‍ കെട്ടി നിയന്ത്രിക്കാറുണ്ട്. കയര്‍ നീക്കി മാധ്യമപ്രവര്‍ത്തകരെ ഫോട്ടോയെടുക്കുന്നതിന് അനുവദിക്കുന്നില്ല.
പല പുലിക്കളി സംഘങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമക്കാരെ കൂടെ കൂട്ടുണ്ട്. അവര്‍ക്ക് മാത്രം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സംഘാടകര്‍ എല്ലാ സൗകര്യവും ചെയ്്തു കൊടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പുലിക്കളി നടക്കുമ്പോള്‍ സംഘാടകര്‍ ബലമായി കയര്‍ കെട്ടി വലിക്കുന്നതിനിടെ കുട്ടികളടക്കമുള്ളവര്‍ നിലത്തുവീഴുന്നത് പതിവാണ്. പുലിക്കളി മഹോത്സവം സുഗമമായും, സ്വതന്ത്രമായും റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് നടത്തിപ്പുകാരായ കോര്‍പറേഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസുകള്‍ നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കോര്‍പറേഷന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നി്ട്ടുണ്ട്.