തൃശൂർ : കോർപ്പറേഷനിലെ നികുതി കൊള്ള ഇല്ലാതാക്കാനുള്ള പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച് തൃശൂർ അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഡ്ജറ്റ് കത്തിച്ചു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധം ഉത്‌ഘാടനം ചെയ്തു. വൻ നികുതി പിരിവും റവന്യൂ റിക്കവറിയും നടത്തി ജന ജീവിതം ദുസഹമാക്കുകയാണ് കോർപ്പറേഷനെന്ന് ജോൺ ഡാനിയൽ പറഞ്ഞു. ബഡ്ജറ്റ് പ്രഖ്യാപനം നടക്കുമ്പോൾ കോർപറേഷൻ കൗൺസിൽ ഹാളിൽ ഒരു പ്രതികരണവും നടത്താതെ ബഡ്ജറ്റിനെ പിന്തുണച്ച ബിജെപി കൗൺസിലർമാർ ബഡ്ജറ്റിനെതിരെ കോർപറേഷന് പുറത്ത് സമരം ചെയ്യുന്നത് അപഹാസ്യമാണെന്നും കോർപറേഷനിലെ സിപിഎം ബിജെപി ബാന്ധവം ഇതിലൂടെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് സമ്മതിക്കുകയാണ് ബിജെപിയെന്നും ജോൺ ഡാനിയൽ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു.