Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സാമൂഹിക ക്ഷേമ പെൻഷൻ: ഗുണഭോക്താക്കൾ ജീവിച്ചിരുന്നകാലത്തെ കുടിശ്ശിക ബന്ധുക്കളിൽ നിന്ന് തിരിച്ചു പിടിക്കും

തൃശ്ശൂർ: ജീവിച്ചിരുന്ന കാലത്തെ സാമൂഹിക ക്ഷേമപെൻഷൻ മരണശേഷം ലഭിച്ചാൽ ബന്ധുക്കൾ തിരിച്ചടയ്ക്കണം എന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. സാമൂഹിക ക്ഷേമ പെൻഷന് നൽകാൻ മാസങ്ങളോളം നിലവിൽ താമസം വരുത്തുന്ന സംസ്ഥാന സർക്കാരാണ് ഇപ്പോ​ൾ ഈ വിചിത്രമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

തൃശൂർ കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയൽ മുഖ്യമന്ത്രിക്ക് അയച്ച പരാതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവാ​ദമായ ന്യായീകരണം. സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ്/സഹായം എന്ന നിലയ്ക്കാണ് സർക്കാർ സാമൂഹ്യ സുരക്ഷ പെൻഷൻ നൽകി വരുന്നത് എന്നും ജീവിച്ചിരിക്കുന്ന കാലയളവിലെ പെൻഷൻ തുക മരണശേഷമാണ് അനുവദിക്കുന്നതെങ്കിലും അതിൽ അനന്തരാവകാശികൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ലെന്നും തദ്ദേശ വകുപ്പ് ഡയറക്ടറുടെ (റൂറൽ) മറുപടിയിൽ പറയുന്നു.

ദീർഘകാലം ചികിത്സയിലായിരുന്ന ഗുണഭോക്താവ് മരണപ്പെട്ട ശേഷം ബാങ്ക് അക്കൗണ്ടിലെത്തിയ പെന്‍ഷന്‍ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ മകള്‍ക്ക് തൃശൂര്‍ കോര്‍പറേഷൻ നോട്ടീസ് നൽകിയതിനെതിരെയായിരുന്നു ജോൺ ഡാനിയലിൻ്റെ പരാതി. നിർധന കുടുംബങ്ങളിൽ പെട്ട ഗുണഭോക്താക്കളുടെ വാർധക്യ പെന്‍ഷനും വിധവാ പെൻഷനും മറ്റും മാസങ്ങളായി മുടങ്ങുമ്പോൾ കുടുംബാംഗങ്ങൾ കടം വാങ്ങിയും വായ്പയെടുത്തുമാണ് ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നത്. ഗുണഭോക്താവിൻ്റെ മരണശേഷം അക്കൗണ്ടിലെത്തുന്ന പെൻഷൻ കുടിശ്ശിക ഉപയോഗിച്ചായിരിക്കും പലപ്പോഴും ഈ കടങ്ങൾ വീട്ടുന്നത്.

മാസങ്ങൾക്കു ശേഷം സർക്കാരിൽ നിന്ന് തിരിച്ചടവ് നോട്ടീസ് കിട്ടുന്നത് ഇത്തരം കുടുംബങ്ങളെ വീണ്ടും കടക്കെണിയിലേക്കു തള്ളിവിടാൻ ഇടയാക്കുമെന്നും ജോൺ ഡാനിയൽ പറഞ്ഞു. ഇത്തരത്തി പെൻഷൻ തുക തിരിച്ചു പിടിക്കുന്നത് സർക്കാരി​ന്റെ പ്രഹസന നാടകമാണെന്നും ഡാനിയൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗുണഭോക്താക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ പെൻഷൻ തടഞ്ഞുവെക്കുന്നത് സർക്കാരിൻ്റെ അറിവോടെയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ മറുപടിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നു ജോൺ ഡാനിയൽ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *