തൃശൂര്‍: പിതൃപുണ്യം തേടി ആയിരങ്ങള്‍ ക്ഷേത്രങ്ങളിലും ബലിത്തറകളിലും തര്‍പ്പണം നടത്തി. തൃശൂരില്‍ ആറാട്ടുപുഴ മന്ദാരക്കടവിലും, ചാവക്കാട് പഞ്ചവടിയിലും, പുഴയ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും വെളുപ്പിന് മുതല്‍ നൂറുകണക്കിന് പേര് ബലിയിട്ടു.
ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഇന്ന് പുലര്‍ച്ചെ 2.30ന് തുടക്കമായി.
പുലര്‍ച്ചെ ആരംഭിച്ച പിതൃതര്‍പ്പണം ഉച്ചയോടെ അവസാനിക്കും. അറുപതോളം ബലിത്തറകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിന് വരിനില്‍ക്കാനുള്ള നടപ്പന്തല്‍, ബാരിക്കേഡുകള്‍ എന്നിവയും സജ്ജമായി. ഒരേസമയം 500 പേര്‍ക്ക് നില്ക്കാവുന്ന രീതിയിലാണ് നടപ്പന്തല്‍ സജ്ജീകരിച്ചിരിക്കുന്നത്.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തലേദിവസം വ്രതമെടുത്ത്, ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.