കൊച്ചി: റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാന്താര 2’ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി. വിതരണക്കാരും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഈ നീക്കം സിനിമാപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.
വിതരണക്കാര്‍ നിലവിലെ കളക്ഷന്‍ വിഹിതത്തിന് പകരം വരുമാനത്തിന്റെ 55% ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് ഫിയോക്ക് വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. പ്രശ്‌നം പരിഹരിക്കാതെ ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചതായും വാര്‍ത്തകളുണ്ട്.
കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ‘കാന്താര 2’ വിതരണം ചെയ്യുന്നത്. ആദ്യഭാഗം ‘കാന്താര’ നേടിയ വലിയ വിജയമാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലായി ചിത്രം ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.