Newsskerala

ബലാത്സംഗ പരാതി: റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ ഒന്‍പതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും.

സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹ വാ?ഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാന്‍ എന്ന പേരില്‍ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ആരോപണം. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ അഞ്ച് സന്ദര്‍ഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ളാറ്റ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും താന്‍ മാനസികമായി തകര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം കോന്നിയില്‍ നടന്ന സംഗീത പരിപാടിയില്‍ താന്‍ എവിടെയും ഒളിച്ചോടില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു മരിക്കാനാണ് തന്റെ തീരുമാനമെന്നും വേടന്‍ പറഞ്ഞിരുന്നു.

വേടന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *