ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംഗമത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹര്‍ജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.