കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിയ്ക്ക്് പോലീസിന്റെ ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ഷാഫി പറമ്പിലിന് നേരെ ലാത്തി ചാര്‍ജ് നടത്തിയില്ലെന്ന് എസ്പി ഇന്നലെ അറിയിച്ചിരുന്നു.
പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകമാണ് പ്രയോഗിച്ചതെന്നുമാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് പറഞ്ഞത്.പിന്നില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു.
പേരാമ്പ്ര ഗവണ്മെന്റ് സികെജി കോളജിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചെയര്മാന് സീറ്റില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.ഹര്‍ത്താലിന് ശേഷം യുഡിഎഫ് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്്. പോലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്.ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ്. സംഘര്‍ഷത്തിലെ പോലീസ് നടപടിയില്‍ ഷാഫിയുടെ മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവരുന്നത്.
ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതില്‍ ഇന്നും സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും. വൈകിട്ട് മൂന്നിന് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടര്‍ന്നു. വിവിധ ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.