ഗുരുവായൂര്‍: ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിലെ പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസിന്റെ വീട്ടില്‍ നിന്നും മറ്റു വ്യക്തികളുടെ ആര്‍സി ബുക്കുകളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു. വ്യാപാരിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി.
കര്‍ണ്ണംകോട് സ്വദേശി എം എ മുസ്തഫയുടെ മരണത്തിന് പിന്നാലെ അമിത പലിശ വാങ്ങിയ നെന്മിണി സ്വദേശി പ്രഹ്ളേഷും ദിവേക് ദാസും ഒളിവിലാണ്. പ്രഹ്ളേഷിന്റെ വീട്ടില്‍ പൊലീസ് അന്വേഷണത്തിന് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയില്‍ ആയിരുന്നു. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഗുരുവായൂര്‍ ടെംമ്പിള്‍ പൊലീസ് പറയുന്നു.
കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഈ മാസം പത്തിനാണ് ഗുരുവായൂര്‍ സ്വദേശി മുസ്തഫ ജീവനൊടുക്കിയത്. 6 ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം നല്‍കിയിട്ടും ഭീഷണി തുടരുകയായിരുന്നു. ഇതിനിടെ, മുസ്തഫയുടെ മരണത്തിന് ശേഷവും ഗുണ്ടാസംഘം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രഹ്ളേഷ് നിരന്തരംഭീഷണിപ്പെടുത്തിയിരുന്നു.


















