തൃശൂർ: ഏപ്രിലിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തൃശൂരിലെ ശക്തൻ മീൻ മാർക്കറ്റിലെത്തിയപ്പോൾ അവിടത്തെ ശോചനീയാവസ്ഥ കണ്ട് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച രാജ്യസഭാ എം.പി. സുരേഷ് ഗോപി നൽകിയ വാഗ്ദാനം പാലിക്കാൻ ഇന്ന് തൃശൂർ കോർപ്പറേഷൻ കാര്യാലയത്തിൽ എത്തി.
തൃശ്ശൂർ മേയർ എം.കെ. വർഗീസിന്റെ ചേമ്പറിൽ അരമണിക്കൂറോളം സുരേഷ് ഗോപി ശക്തൻ മീൻ മാർക്കറ്റിൽ നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ മേയറുമായി ചർച്ചചെയ്തു. വികസന പ്രവർത്തനങ്ങൾ ഒരു കോടി രൂപയിൽ ഒതുങ്ങില്ലെന്നും തന്റെ സ്വപ്നപദ്ധതിയായ 700 കോടി രൂപയുടെ ‘ഗ്രേറ്റർ ശക്തൻ ‘ എന്ന ബ്രഹത് പദ്ധതിക്ക് സുരേഷ് ഗോപി പരിപൂർണ്ണ പിന്തുണ നൽകിയതായും മേയർ എം.കെ. വർഗീസ് പറഞ്ഞു.
‘ഗ്രേറ്റർ ശക്തൻ ‘ പദ്ധതി ഉപേക്ഷിക്കരുതെന്നും അതിന് ലഭ്യമായ ഫണ്ടുകൾ കേന്ദ്രത്തിൽനിന്ന് അനുവദിക്കാനുള്ള എല്ലാ പിന്തുണയും നൽകുമെന്നും സുരേഷ് ഗോപി മേയർക്ക് ഉറപ്പുനൽകി. ഒരു കോടി രൂപയാണ് തൃശ്ശൂരിലെ മത്സ്യ മാർക്കറ്റ് വികസനത്തിനായി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നത്. തൻ്റെ എം.പി. ഫണ്ടിൽ നിന്നോ മറ്റ് കേന്ദ്ര സർക്കാർ പദ്ധതികളിൽ നിന്നോ ആ തുക ലഭ്യമാക്കും.
ഇത്തരത്തിൽ ഫണ്ട് ലഭ്യമായില്ലെങ്കിൽ തൻ്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത കേന്ദ്ര ബജറ്റിന് മുൻപ് ശക്തൻ മാർക്കറ്റിൽ പത്തു കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയാൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച ചെയ്തു യൂണിയൻ ബജറ്റിന് മുൻപ് നടക്കുന്ന ചർച്ചകളിൽ ഉൾപ്പെടുത്തി പദ്ധതിക്കായുള്ള പണം കണ്ടെത്താമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
മത്സ്യമാർക്കറ്റിനൊപ്പം, പച്ചക്കറി മാർക്കറ്റും ഫ്രൂട്ട്സ് മാർക്കറ്റും ഫ്ലവർ മാർക്കറ്റും അത്യാധുനിക രീതിയിൽ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നിർമ്മിക്കാനുള്ള പദ്ധതിയാണ് രൂപകല്പന ചെയ്യുന്നത്. ഒപ്പം തന്നെ തൃശ്ശൂർ ആവിണിശ്ശേരി പഞ്ചായത്തിലും തിരുവനന്തപുരം വെള്ളായണിയിലും നേന്ത്രപ്പഴത്തിൽ നിന്നെടുക്കുന്ന ഫൈബറിൽ നിന്ന് പേപ്പർ ഉല്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Photo Credit: Newss Kerala