തൃശൂർ: ജില്ലയിലെ ജനകീയപ്രതിരോധ യാത്രക്കിടെ പൊതുവേദിയില്‍ വെച്ച് ലൈറ്റ് ആന്റ് സൗണ്ട് പ്രവര്‍ത്തകനെ അധിക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പെരുമാറ്റത്തില്‍ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡ്.
മാളയില്‍ പ്രതിരോധയാത്രയുടെഭാഗമായി നടന്ന സ്വീകരണച്ചടങ്ങിലായിരുന്നു പ്രസംഗിക്കുന്നതിനിടെ എം..വി.ഗോവിന്ദന്‍ സൗണ്ട് ഓപ്പറേറ്ററെ പരസ്യമായി ശകാരിച്ചത്. തൊഴിലിനെ അപമാനിക്കും വിധമായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ പെരുമാറ്റമെന്ന് ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൈക്ക് അടുപ്പിച്ച് പിടിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നും അതിന്റെ പേരില്‍ ലൈറ്റ് ആന്റ് സൗണ്ട് വിഭാഗത്തെ ഒന്നടങ്കം അപമാനിച്ചതായി ജില്ലാ പ്രസിഡണ്ട് കെ.ആര്‍.റാഫി, സെക്രട്ടറി ജോയ്.സി.എല്‍ എന്നിവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുന്നില്ലെന്നും, പ്രതിഷേധം അറിയിക്കുക മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപമാനം നേരിട്ട പ്രവര്‍ത്തകന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ പെരുമാറ്റത്തില്‍ വേദന തോന്നിയെന്ന പറഞ്ഞതായും ഭാരവാഹികള്‍ വ്യക്തമാക്കി.
ട്രഷറര്‍ ജയേഷ്.ടി.ജി മറ്റു ഭാരവാഹികളായ ബെന്നി നീലങ്കാവില്‍, ബാബുരാജ്.എം.ബി, ഷിജോണ്‍ പട്ടിക്കാട്, ഷാജി വര്‍ഗീസ്, ബിജു എം.എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.