തൃപ്രയാര്‍: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എം.വി.ഐ സി.എസ്. ജോര്‍ജാണ് അറസ്റ്റിലായത്. വാഹനപുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലയില്‍ മാത്രം ഈ വര്‍ഷം ഒന്‍പതാമത്തെ കേസാണ് ഇത്. ഏരിയങ്കാവില്‍ എം.വി.ഐ സിഎസ് ജോര്‍ജ്ജിന്റെ വീട്ടിലും വിജിലന്‍സിന്റെ പരിശോധന നടക്കുന്നുണ്ട്.
അയ്യായിരം രൂപയാണ് ജോര്‍ജ്ജിനായി അഷ്റഫ് എന്നയാള്‍ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ വിലാസം മാറ്റാന്‍ കഴിയില്ലെന്നും പകരം പുതിയ ലൈസന്‍സ് എടുക്കണമെന്നും എം.വി.ഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
രാവിലെ തൃപ്രയാര്‍ കിഴ്പ്പുള്ളിക്കര മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എം.വി.ഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് അഷറഫ് കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടിയത്. ആളുകള്‍ നോക്കിനില്‍ക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോര്‍ജ്ജിന് വേണ്ടിയാണെന്ന് ഏജന്റ് മൊഴി നല്‍കി. ഇതോടെ എം.വി.ഐയെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു
ഡിവൈ.എസ്.പി ജിം പോള്‍ സി.ജി, ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ , ജി.എസ്.ഐ ജയകുമാര്‍ എ.എസ്.ഐ മാരായ ബൈജു, ജി.എസ്.ഐ. പീറ്റര്‍, സി.പി.ഒ മാരായ വിബീഷ്, സൈജു സോമന്‍, രഞ്ജിത്ത്, സിബിന്‍, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ് ഡ്രൈവര്‍ മാരായ രതീഷ്, ബിജു, എബി തോമസ് എന്നിവരടങ്ങിയ വിജിലന്‍സ് അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.