വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരൻ സുഹൃത്തു മുഖാന്തരം ചോദിച്ചു; ഇല്ലെന്നു മറുപടി പറഞ്ഞപ്പോൾ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കി
കൊച്ചി: 1997 പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തിൻറെ ചിത്രീകരണം അവസാനിച്ചശേഷം പൊള്ളാച്ചിയിലെ ഹോട്ടലിൽ വച്ച് നിർമ്മാതാകളായ എം പി മോഹനും കെ ഷണ്മുഖനും ഹോട്ടൽ മുറിയിൽ വെച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചുവെന്ന് മലയാളത്തിൽ തൊണ്ണൂറുകളുടെ അവസാനത്തിൽ തിളങ്ങി നിന്നിരുന്ന നടിയായ ചാർമിള.
സംവിധായകനായ ഹരിഹരൻ വാങ്ങുമോ എന്ന് വിഷ്ണു എന്ന നടൻ മുഖാന്തരം ചോദിച്ചു എന്നും ഇല്ല എന്ന് മറുപടി കൊടുത്തതിനുശേഷം പരിണയം എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കി എന്നും ചാർമിള വെളിപ്പെടുത്തി. സിനിമ മേഖലയിൽ സംവിധായകരും നടന്മാരും പ്രൊഡ്യൂസർമാരും ഉൾപ്പെടെ 28 പേർ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും അവസരങ്ങൾ വേണ്ടെന്നുവച്ച് പീഡനത്തിൽ നിന്ന് ഒഴിവായി എന്നും നടി പറഞ്ഞു.
അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായശേഷം അവസാന ദിവസം ഹോട്ടലിൽ നടത്തിപ്പുകാരുടെ സഹായത്തോടുകൂടിയാണ് നിർമ്മാതാക്കൾ തന്നെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കാൻ ശ്രമിച്ചത് എന്നും തൻറെ സുഹൃത്തുക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത് എന്നും ചാർമിള പറഞ്ഞു.
താൻ വിട്ടുവീഴ്ചയ്ക്ക് വഴങ്ങാതിരുന്നത് കൊണ്ട് തനിക്കും നടൻ വിഷ്ണുവിനും അവസരങ്ങൾ നഷ്ടമായി എന്നും തനിക്കൊരു മകൻ ഉള്ളതിനാൽ ഔദ്യോഗികമായി പരാതിപ്പെടാൻ സന്നദ്ധയല്ല എന്നും നടി പറഞ്ഞു.