കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം
തൃശൂർ: കുട്ടനെല്ലൂരിലെ കോൺഗ്രസ് ഓഫീസായ എ. മാധവൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും പാർട്ടി ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗവും നടത്തി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോബേറിന് ശേഷം ഇന്ന് പുലർച്ചെയാണ് കോൺഗ്രസ് ഓഫീസ് തകർക്കപ്പെട്ടത്.
കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കോൺഗ്രസ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറാവണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. പാർട്ടി ഓഫീസുകൾ ആക്രമിക്കാൻ പാടില്ലെന്ന ഇടതുപക്ഷ തീരുമാനത്തിന് മഷിയുണങ്ങുന്നതിന് മുമ്പാണ് കോൺഗ്രസ് ഓഫീസിനു നേരെ അക്രമം നടന്നതെന്നും ജോൺ ഡാനിയൽ പറഞ്ഞു. അക്രമം തുടർന്നാൽ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് തയ്യാറാവും. പാർട്ടി ഓഫീസുകൾക്ക് സംരക്ഷണവലയം ഒരുക്കാൻ പ്രവർത്തകർ സജ്ജമാകും.
ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹാപ്പി മത്തായി അധ്യക്ഷത വഹിച്ചു. മുൻ മേയർ ഐ പി പോൾ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, എ സേതു മാധവൻ, ടി വി ചന്ദ്രൻ, പ്രഭുദാസ് പാണേങ്ങാടൻ, ജിജോ ചാക്കപ്പൻ, ബിന്ദു കുമാരൻ, ആന്റോ തച്ചോത്ത്, വർഗീസ് സി വി, ഹാമി മത്തായി, ബൈജു വല്ലച്ചിറക്കാരൻ, രാജൻ കെ ജി, ജോൺസൻ വിതയത്തിൽ,സണ്ണി ചൂണ്ടൽ, ബേബി, ജെയ്സൺ മാളിയേക്കൽതുടങ്ങിയവർ പ്രസംഗിച്ചു.