വിമലമീയോര്‍മ’കളില്‍
ഗാനം ആലപിച്ച് ഔസേപ്പച്ചനും,
പൂര്‍വവിദ്യാര്‍ത്ഥിനിയായ പ്രിയതമയ്ക്ക് റോസാപൂ നല്‍കി
പെരുവനം കുട്ടന്‍മാരും
തൃശൂര്‍: ‘ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന……..’ മുഖ്യാതിഥിയായ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ഗാനം ആലപിക്കുമ്പോള്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനികളുടെ മനസ്സില്‍ പിന്നിട്ട വസന്തകാലത്തിന്റെ ഓര്‍മകളിരമ്പി. മറ്റൊരു മുഖ്യാതിഥിയായ പെരുവനം കുട്ടന്‍മാരാര്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനിയായ സഹധര്‍മ്മണി ഗീതയ്ക്ക് റോസാപ്പൂ നല്‍കിയത് നിറഞ്ഞ സദസ്സില്‍ ചിരിയുണര്‍ത്തി.
വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനി സംഗമം തന്റെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. പൂര്‍വവിദ്യാര്‍ത്ഥികളുടെ പുതുമയും പ്രസരിപ്പും നഷ്ടമാകുന്നില്ല. പഴയ വൈന്‍ പുതിയ കുപ്പിയിലെന്ന പോലെ കാലം കഴിയുന്തോറും വീര്യം കൂടും. താന്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രി യപ്പെട്ടതായിരുന്നു വിമല കോളേജ്. കഷ്ടപ്പെടുന്ന സതീര്‍ത്ഥ്യര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയണമെന്നും അദ്ദേഹം പൂര്‍വിദ്യാര്‍ത്ഥിനികളെ ഓര്‍മ്മിപ്പിച്ചു.
പ്രതിസന്ധികളെയും വെല്ലുവിളികളെയും സധൈര്യം നേരിട്ട ഡോ.ഗിരിജയെ ചടങ്ങില്‍ ആദരിച്ചു. ‘വിമെക്‌സ്’ പ്രസിഡണ്ട് ഷെമിന്‍ റഫീക്ക് അധ്യക്ഷയായി. സ്ഥാപക പ്രസിഡണ്ട് സരിത മധുസൂദനന്‍, ‘വിമെക്‌സ്’ ഗ്ലോബല്‍ പ്രഖ്യാപനം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയിസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ബീന ജോസ്, ‘വിമലമീയോര്‍മകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ രശ്മി ഐസക്, വിമെക്‌സ് സെക്രട്ടറി രശ്മി റോയ്, ട്രഷറര്‍ നീന ഡെല്‍ഫിന്‍, മുന്‍ കലാതിലകവും മുന്‍ പ്രസിഡണ്ടുമായ ജൂലിന്‍ ബെന്‍സി എന്നിവര്‍ പ്രസംഗിച്ചു.
നൂറിലേറെ പൂര്‍വിദ്യാര്‍ത്ഥിനികളും, അധ്യാപകരും രചിച്ച കൗതുകമുണര്‍ത്തുന്ന കാമ്പസ് അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘വിമലമീയോര്‍മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.
വിമല കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിനികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ‘വിമെക്‌സി’ന്റെ നേതൃത്വത്തിലാണ് പൂര്‍വിദ്യാര്‍ത്ഥിനി സംഗമം. ഗുരുപ്രണാമം ചടങ്ങില്‍ വിരമിച്ച അമ്പതിലേറെ അധ്യാപകരെ ആദരിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികളും ചടങ്ങില്‍ പങ്കെടുത്തു.