തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും മാര്‍ച്ച്് നടത്തും. അതേസമയം അനീഷിന് എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നാണ് കണ്ണൂര്‍ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടിത്തിയിരുന്നു എന്ന ആരോപണം ആവര്‍ത്തിക്കുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ആരോപണം സിപിഎം പൂര്‍ണമായും തള്ളുന്നുണ്ട്. അനീഷിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
ഇതിനിടെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍പുറത്ത്.രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകള്‍ വിതരണം ചെയ്യേണ്ടി വരുന്നുണ്ടെന്നും ആഹാരം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ പോലും കഴിയുന്നില്ലെന്നും വനിതാ ബിഎല്‍ഒ പറയുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.


















