തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എം.എല്‍.എക്കെതിരെയും, സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയിരിക്കുന്നത്. എ.സി.മൊയ്തീന്റെ ബിനാമികളുടേതാണിതെന്നും അക്കര ആരോപിച്ചു. മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ച കാര്യം ഇ.ഡി.സ്ഥിരീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡിയുടെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യുന്നതിനിടെ മൊയ്തീന്‍ നിഷേധിച്ചിട്ടില്ലെന്നും അനില്‍ അക്കര പറഞ്ഞു.
ഇ.പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായതു മുതലുള്ള അഴിമതിയടെ തുടര്‍ച്ചയാണിതെന്നും, ഇതില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന ബേബി ജോണിനെ മാത്രം ഉള്‍പ്പെട്ടതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൊയ്തീന്‍ മാത്രമാണ് ഈ സാമ്പത്തിക തട്ടിപ്പിന് പിന്നിലെന്ന് കരുതുന്നില്ല. സി.പി.എം ജില്ലാ കമ്മിറ്റിയും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണിത്. ഇക്കാര്യത്തില്‍ സി.പി.എം കേന്ദ്രനേതൃത്വവും, മുഖ്യമന്ത്രിയും പ്രതികരിക്കണെന്നും അദ്ദേഹം രാമനിലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ബിജു കരീം തനിക്കെതിരെ മൊഴി നല്‍കില്ലെന്നാണ് മൊയ്തീന്‍ പറയുന്നത്. കേസിലെ പ്രതികളെയും, സാക്ഷികളെയും സി.പി.എം ജില്ലാ നേതൃത്വം സംരക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.