തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിക്ക്് അപ്രതീക്ഷിത മുന്നേറ്റമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍. 2019-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ 4,15,089 വോട്ട് നേടി വിജയിച്ചു.. ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്‍ നേടിയത് 3,24,810 വോട്ടുകള്‍ മാത്രമാണ്. ഒരു ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായി. കഴിഞ്ഞ തവണ 7 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ലീഡ്്. എന്നാല്‍ ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി.
വടകരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റി മത്സരിപ്പിച്ചത്് ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കെ.മുരളീധരന്‍ അറിഞ്ഞാണോ ഡീല്‍ നടന്നതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ.
എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി സംസ്ഥാന ഭരണത്തിലുള്ള വിലയിരുത്തലാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ഒരു സീറ്റാണ് കിട്ടിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ജനം വ്യത്യസ്തരീതിയിലാണ് ഇരുമുന്നണികളെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.