തൃശൂര്‍: പൂവിളികളുമായി അത്തം വരവായി. ഇനി പത്തുനാള്‍ കേരളത്തിന് പൂക്കാലം. ചെണ്ടുമല്ലിയും, ജമന്തിയും, വാടാമല്ലിയും എത്തിക്കഴിഞ്ഞു.
അത്തം നാള്‍ വീട്ടുമുറ്റങ്ങള്‍ വര്‍ണാഭമാകും. പണ്ടൊക്കെ ചാണകം മെഴുകി ഒരുക്കിയ പ്രത്യേക സ്ഥലത്തായിരുന്നു പൂക്കളം ഇട്ടിരുന്നത്.
പൂക്കളം ഇട്ടുതുടങ്ങുന്ന ആദ്യനാളില്‍ അതായത് അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് വരുന്ന ഓരോ ദിവസവും ഓരോ നിര കൂടും, പൂക്കളുടെ ഇനവും. ഉത്രാടം നാളിലാണ് പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കുക. മൂലം നാളില്‍ ഒരുക്കുന്ന പൂക്കളത്തിന് ചതുരാകൃതി ആയിരിക്കും. തീര്‍ന്നില്ല അത്തം നാളിലെ ആദ്യപൂക്കളത്തില്‍ ചുവന്ന പൂക്കള്‍ ഉപയോഗിക്കാറില്ല. ചോതി നാള്‍ മുതല്‍ ചെമ്പരത്തിപ്പൂവ് ഇടും.
കാലം മാറിയതോടെ നാട്ടുപൂക്കളായ തുമ്പയും, കാക്കപ്പൂവും, കൃഷ്ണകിരീടിയും മലയാളികളുടെ ഗൃഹാതുരമായ ഓര്‍മകളില്‍ മാത്രമായി.
പൂക്കളം ഒരുക്കുന്നതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. തൃക്കാക്കര വരെപ്പോയി തൃക്കാക്കരയപ്പനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും കഴിയാതെ വന്നപ്പോള്‍ എല്ലാവരും സ്വന്തം വീട്ടുമുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളാന്‍ തൃക്കാക്കരയപ്പന്‍ അനുവാദം നല്‍കി എന്നാണ് ഐതിഹ്യം. അതു പ്രകാരം തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണത്രെ പൂക്കളം ഒരുക്കുന്നത്.