തിരുവനന്തപുരം: തൃശ്ശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ വാര്‍ഡന്മാരുടെ ക്രൂര മര്‍ദനമേറ്റതായി ആരോപിച്ച് മാവോവാദി കേസിലെ വിചാരണത്തടവുകാര്‍ പ്രതിഷേധനിരാഹാരം തുടരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് പൂജപ്പുര ജയിലിലേക്കു മാറ്റിയ തൃശ്ശൂര്‍ സ്വദേശി മനോജ് ആണ് തന്നെ മര്‍ദിച്ചവരുടെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചികിത്സയ്ക്കിടെ നിരാഹാര സമരം നടത്തുന്നത്.ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിയ്യൂര്‍ ജയിലില്‍ തിരുവേങ്കടം, കാര്‍ത്തി എന്നീ മാവോവാദി തടവുകാരും നിരാഹാരം ആരംഭിച്ചു. ജയില്‍ അധികൃതരില്‍നിന്ന് എന്‍ഐഎ കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി.
സഹതടവുകാരനായ അസ്ഹറുദീനെ വാര്‍ഡന്മാര്‍ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിന് 13-ന് മനോജിനെ മര്‍ദിച്ചെന്നാണ് പരാതി. അസ്ഹറുദീന്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ്. തന്നെയും അസ്ഹറുദ്ദീനെയും സെല്ലില്‍ പൂട്ടിയിട്ട് രാത്രി നാലുമണിക്കൂറോളം ക്രൂരമായി മര്‍ദിച്ചതായി മനോജ്, കോടതിയുടെ അനുമതിയോടെ തന്നെ സന്ദര്‍ശിച്ച സുഹൃത്തുക്കളെ അറിയിച്ചു. ഇടതുകണ്ണ് തകരുകയും ശരീരമാകെ മുറിവേല്‍ക്കുകയും ചെയ്ത അവസ്ഥയിലാണ്. വാര്‍ഡന്മാരെ ആക്രമിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ ആദ്യം അറിയിച്ചത്. ഇയാള്‍ക്കും സഹതടവുകാരനുമെതിരേ കേസെടുക്കുകയും ചെയ്തു. പിന്നാലെ പൂജപ്പുരയിലേക്ക് മാറ്റി.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മനോജിനെ കാണാന്‍ പൂജപ്പുരയിലെത്തിയപ്പോഴാണ് മെഡിക്കല്‍കോളജില്‍ ചികിത്സയിലാണെന്ന് അറിയുന്നത്. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ കണ്ടപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരങ്ങളറിയുന്നത്. സംഘടന സമീപിച്ചതനുസരിച്ച് എന്‍ഐഎ കോടതി ജയില്‍ അധികൃതരോട് തടവുപുള്ളിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചികിത്സയിലാണെന്നായിരുന്നു മറുപടി.
കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. തിങ്കളാഴ്ച ജയില്‍ അധികൃതര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ഡോക്ടറുടെ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
















