കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരായ കേസിന് പിന്നില്‍ ഗുഢതന്ത്രമെന്നും, അന്വേഷണം വേണമെന്നും നടി മാലാ പാര്‍വതി ആവശ്യപ്പെട്ടു.ശ്വേതയ്‌ക്കെതിരെ എതിര്‍ നീക്കം തുടങ്ങിയത് നടന്‍ ബാബുരാജ് മത്സരത്തില്‍ നിന്ന് പിന്‍മാറിയ ശേഷമെന്നും അവര്‍ പറഞ്ഞു. ബാബുരാജിനെ എല്ലാവര്‍ക്കും ഭയമാണ്. ബാബുരാജ് ചെയ്‌തെന്തെന്ന് പറയുന്നില്ല. പിന്നില്‍ ബാബുരാജിനെ അനുകൂലിക്കുന്നവരുമാകാം.
വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിന്റെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലര്‍ക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മനസിലാക്കുന്നതെന്ന് മാലാ പാര്‍വതി പറയുന്നു.
”ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹത്തിന്(ബാബുരാജ്) മാറിനില്‍ക്കേണ്ടി വന്നു. മാധ്യമങ്ങളിലൂടെ ഉപദേശിച്ച ആള്‍ക്കാരെ താന്‍ മരണം വരെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്നത് സാധാരണ രീതിയിലായിരുന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാല്‍ ഒരു യുട്യൂബര്‍ അത് കടുപ്പിച്ച് പറഞ്ഞപ്പോഴാണ് ഇത് ഭീഷണിയാണല്ലോ എന്ന് മനസിലായത്. അത് സത്യമായി വന്നു. ഹേമ കമ്മിറ്റിയില്‍ നശിച്ച് പോയ അമ്മ സംഘടനയെ എഴുന്നേല്‍പ്പിച്ച്് നിര്‍ത്തിയത് ബാബുരാജ് ആണെന്നാണ് അവര്‍ പറയുന്നത്. അദ്ദേഹത്തിന്റെ കൂടെ നിന്നവര്‍ക്കും അദ്ദേഹം വിട്ടുപോകുമെന്ന് തോന്നിയപ്പോഴും ആ സംഘത്തിന് ശക്തി കുറഞ്ഞ് പോകുമെന്ന് കരുതി അവര്‍ തന്നെ സ്വാഭാവികമായും ചെയ്തതെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ശ്വേതയ്ക്ക് എതിരായ ആരോപണം വരുന്നത്. പാലേരിമാണിക്യം എന്ന സിനിമയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നെല്ലാമുള്ള മോശമായ ആരോപണങ്ങള്‍. കുക്കുവിനെതിരെ പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. എങ്ങനെ ജീവിക്കും ഈ നാട്ടില്‍. ശ്വേതയ്ക്ക് എതിരെ മാര്‍ച്ചില്‍ കേസ് കൊടുത്തെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അത് പറച്ചില്‍ മാത്രമാണ്. രേഖകളില്ല. കിട്ടിയ രേഖയില്‍ അഞ്ചേ എട്ടാണ്. അപ്പോഴത് തെരഞ്ഞെടുപ്പല്ലേ”, എന്ന് മാലാ പാര്‍വതി ചോദിക്കുന്നു.
”ബാബുരാജ് മാത്രമാണ് അമ്മ സംഘടനയെ വളര്‍ത്തിയത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണ്. സാധാരണ ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ കുറച്ച് ഭയമാണ്. പേരും പൊതുവില്‍ പറയാറില്ല. എനിക്ക് ഭീഷണി ആയതുകൊണ്ട് അതങ്ങ് പറയാമെന്ന് വിചാരിച്ചു. ഞാന്‍ ഭയക്കേണ്ട കാര്യമില്ലെന്ന് വിശ്വസിക്കുന്നു”, എന്നും മാലാ പാര്‍വതി പറയുന്നു.
ശ്വേത മേനോന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മാലാ പാര്‍വതി പറഞ്ഞു. ശ്വേതയ്്‌ക്കെതിരെ പോക്‌സോ കേസാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തനിക്കും ഭീഷണിയുണ്ടെന്നും അവര്‍ അറിയിച്ചു.
അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന്് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചുരുന്നു.