തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. രമേശ് ചെന്നിത്തലയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ബാരിക്കേഡ് മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പ്രകോപനം തുടര്‍ന്നതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
പോലീസുമായി സമരക്കാര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ഒരു മണിക്കൂറിലധികം നേരം എം.ഒ.റോഡില്‍ ഗതാഗതം സ്്തംഭിച്ചു.
ലാത്തിയടിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ജന:സെക്രട്ടറിമാരായ അനീഷ് ആന്റണി,മിവ ജോളി, ആദേശ് സുദര്‍മന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. അക്രമം തടയാനെത്തിയ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപനെ പോലീസ് തള്ളിമാറ്റിയതായും പരാതിയുണ്ട്.
ഉച്ചക്ക് ഒരു മണിയോടെ പടിഞ്ഞാറേ നടയില്‍ നിന്നാരംഭിച്ച പ്രകടനം ഡി.ഐ.ജി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ഡി സോണ്‍ കലോത്സവം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വ്വമായ നീക്കം നടന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് ഏക പക്ഷീയ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ,എം.പി വിന്‍സന്റ്, അനില്‍ അക്കര, ജോസ് വള്ളൂര്‍, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്‍, ആന്‍ സെബാസ്റ്റ്യന്‍ ജില്ലാ പ്രസിഡന്റുമാരായ നിഖില്‍ കണ്ണാടി, സൂരജ്, എഡി തോമസ്, ജവാദ് പുത്തൂര്‍, ഗൗതം ഗോകുല്‍ദാസ്, സംസ്ഥാന ജന:സെക്രട്ടറിമാരായ അനീഷ് ആന്റണി, ആദേശ് സുദര്‍മന്‍, മുബാസ് ഓടക്കാലി ,സിംജോ സാമുവേല്‍ ,അജാസ് കുഴല്‍മന്നം, അല്ലമീന്‍ അഷ്‌റഫ്, സിംജോ സാമുവേല്‍ സഖറിയ,മിവ ജോളി, ബേസില്‍ പാറേക്കുടി,ആസിഫ് മുഹമ്മദ്, ജിഷ്ണു രാഘവ്, അബദ് ലുത്ഫി, ജെറിന്‍ ജേക്കബ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും ഭാരവാഹികളെയും യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ സംസ്ഥാനത്തുടനീളം നാളെ ക്യാമ്പസ് തല പ്രതിഷേധം സംഘടിപ്പിക്കും .