തൃശൂര്‍ : നഗരത്തില്‍ രാവിലെ പെയ്ത ഇടിയോടുകൂടിയ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വടക്കന്‍, ശക്തന്‍ സ്റ്റാന്‍ഡിലും, കൊക്കാലെ, പൂങ്കുന്നം, പാട്ടുരായ്ക്കൽ തുടങ്ങിയ നിരവധിയിടങ്ങളില്‍ വെള്ളം കയറി നാശം വിതച്ചു. അശ്വനി ആശുപത്രിയുടെ പിറകിലെ അക്വാട്ടിക് ലൈനില്‍ വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ കോര്‍പറേഷന്റെ ഫൈബര്‍ ബോട്ടിലാണ് പുറത്തുകടത്തിയത്. പുഴയ്ക്കലില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. ഗതാഗതകുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തി. അശ്വിനി ആശുപത്രിയിലും വെള്ളക്കെട്ടുണ്ടായി.
എം.ജി.റോഡിലും, സ്വരാജ് റൗണ്ടിലും, ശക്തനിലെ ഇക്കണ്ടവാര്യര്‍ റോഡിലും വെള്ളെട്ടുണ്ടായി. മൂന്ന് സ്‌കൂട്ടറുകള്‍ ഒഴുക്കില്‍പ്പെട്ടു.
മണ്ണുത്തി, നടത്തറ, കുന്നംകുളം ചാലക്കുടി തുടങ്ങിയി സ്ഥലങ്ങളിലും രാവിലെ മുതല്‍ ഉച്ചവരെ പെയ്ത മഴ ദുരിതം വിതച്ചു.
ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വലപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാല്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്.
കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത്. ഒല്ലൂരില്‍ ട്രാക്കില്‍നിന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണ് ഈ ട്രെയിനുകള്‍ സര്‍വീസ് തുടര്‍ന്നത്.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനവും തകരാറിലായി. ഇതും ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.