കൊച്ചി: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍.എസ്.എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി.പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധനാ മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഗണപതിയെ സ്പീക്കര്‍ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധത്തിലാണ്. ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തെ ചൊല്ലിയാണ് സംഘപരിവാര്‍ സംഘടനകള്‍ സ്പീക്കര്‍ക്ക് നേരെ തിരിഞ്ഞത്.
എൻഎസ്എസിന് മറുപടിയുമായി ഗോവിന്ദൻ
മിത്തും ചരിത്രവും രണ്ടാണെന്നും മിത്തിനെ ചരിത്രമാക്കാൻ സാധിക്കില്ല എന്നായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ മറുപടി. വിശ്വാസ സങ്കൽപ്പങ്ങളെ അങ്ങനെ തന്നെ കാണണം എന്നും ശാസ്ത്രത്തിലും ചരിത്രത്തിലും മിത്തുകളെ കലർത്തുന്നതിനെതിരെ മാത്രമായിരുന്നു ഷംസീറിന്റെ പ്രതികരണം എന്നു ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ശാസ്ത്രീയമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ മറ്റു മതവിശ്വാസങ്ങളെ മാറ്റിനിർത്തി ഗണപതിയെ മിത്തായി കാണണം എന്ന് പറഞ്ഞത് ഹൈന്ദവ വിശ്വാസത്തെ ഇകഴ്ത്തലാണ് എന്നും ശാസ്ത്രീയമായ വിഷയങ്ങളാണ് സംസാരിക്കുന്നത് എങ്കിൽ വാക്സിൻ എടുക്കാൻ പോലും മടി കാണിക്കുന്ന ചില സമുദായങ്ങളെ ശാസ്ത്രീയമായി തന്നെ എതിർക്കാനുള്ള തന്റേടം സംഷീറിന് ഉണ്ടോ എന്നും ഹിന്ദു സംഘടനകൾ ചോദിക്കുന്നു.