തൃശൂർ : 8 വർഷമായി പറവട്ടാനി സ്റ്റോറിന്റെ മുകളിലത്തെ നിലയിൽ നിന്നും പൂട്ട് പോലും പൊളിക്കാതെ 11 ടൺ ചെമ്പു കമ്പിയാണ് എൽ.ഡി.എഫ് ഭരണസമതിയുടെ കാലത്ത് മോഷണം പോയത്, ആയത് കണ്ടുപിടിക്കാൻ സാധിക്കാത്തതും, പോലീസ് ഇരുട്ടിൽ തപ്പുന്നതും മോഷ്ടാക്കൾ വേണ്ടപ്പെട്ടവർ ആയതു കൊണ്ടാണെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു.
തൃശ്ശൂർ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും പരാജയപ്പെട്ട കമ്മിറ്റിയാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി, യു.ഡി.എഫിന്റെ കാലത്ത് ആരംഭിച്ച നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ശക്തനിലെ ഒ. ഡബ്ലിയു.സി പ്ലാന്റ്, ടി.യു.ഡി.എ റോഡിലെ മാലിന്യ സംസ്കരണ പദ്ധതി, കുരിയചിറയിലെ മാലിന്യ സംസ്കരണ പദ്ധതിയടക്കം നിലവിൽ എല്ലാം അടച്ചുപൂട്ടിയ അവസ്ഥയിലാണ്.
യു.ഡി.എഫിന്റെ കാലഘട്ടങ്ങളിൽ സ്ഥാപിച്ച ശക്തനിലെ ഇൻസുലേറ്റർ, 12 ഓളം ബയോഗ്യാസ് പ്ലാന്റുകളും അടച്ചുപൂട്ടി. മാലിന്യ സംസ്കരണ രംഗത്തും, പൊതു കാനകളിലെ ശുചീകരണ പ്രവർത്തനങ്ങളും, വലിയ തോടുകളിലെ മാലിന്യനീക്കവും, പരാജയപ്പെട്ടത് ഈ കാലഘട്ടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കുരിയച്ചിറയിൽ ഇപ്പോൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക് ഒ.ഡബ്ലിയു.സി പ്ലാന്റ് രണ്ട് വർഷം മുമ്പ് വാങ്ങി ഗ്യാരന്റി പിരീഡ് കഴിഞ്ഞ് ഇപ്പോഴും പ്രവർത്തനം സജ്ജമാക്കിയിട്ടില്ല.
1.1/2 കോടി മുടക്കിയാണ് ഈ പ്ലാന്റ് വാങ്ങിയത്, ഇതുവരെ മാലിന്യം സംസ്കരിക്കാൻ സാധിച്ചിട്ടില്ലയെന്നത് എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയും, കെടുകാര്യസ്ഥിതിയും വിളിച്ചറിയിക്കുന്നതാണെന്ന് രാജൻ.ജെ.പല്ലൻ പറഞ്ഞു.
75 കോടിയോളം രൂപയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 10 വർഷംകൊണ്ട് ചിലവാക്കിയിട്ടുള്ളത്. ആയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.
















