തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ 2024-25 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി അവതരിപ്പിച്ചു. കോര്‍റേഷന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജനപക്ഷ ബജറ്റില്‍ 1215,70,17,000 രൂപ വരവും 1197,10,76,000 രൂപ ചെലവും 18,59,41,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
കോര്‍പറേഷന്‍ പരിധിയില്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും രണ്ടുസെന്റ് സ്ഥലമുള്ളവര്‍ക്കു വീടു നിര്‍മിക്കാനുമായി 25 കോടി വകയിരുത്തി.
കുടിവെള്ളപദ്ധതികള്‍ക്കായി 150 കോടിയും സീറോ വേസ്റ്റ് കോര്‍പറേഷന് 100 കോടിയും മാറ്റിവച്ചു. എല്ലാ വീടുകളിലേക്കും സൗജന്യ ബയോബിന്‍ നല്‍കാന്‍ 13 കോടി ചിലവഴിക്കും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മോണോ റെയില്‍ പദ്ധതിയെക്കുറിച്ചു പഠിക്കും. റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊക്കാലെ, ശക്തന്‍നഗര്‍, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമനഗര്‍, കിഴക്കേകോട്ട, വടക്കേ സ്റ്റാന്‍ഡ്, പാട്ടുരായ്ക്കല്‍, പൂങ്കുന്നം, പടിഞ്ഞാറേകോട്ട, റെയില്‍വേ സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിക്കും. 4000 കോടിയുടെ പദ്ധതി മിനിസ്ട്രി ഓഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സിനു നല്‍കി.
കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത 2400 പേരുടെ ആറുമാസത്തെ വാടക ഒഴിവാക്കും. തൃശൂര്‍ പൂരത്തിന് ഒരു കോടിയും പുലിക്കളിക്ക് 50 ലക്ഷവും നല്‍കും. കുമ്മാട്ടിക്കളിയടക്കം ഓണാഘോഷത്തിന് 25 ലക്ഷം നല്‍കും.
പതിനായിരം സൗജന്യ കുടിവെള്ള കണക്ഷനു 19 കോടി, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കായി ഓരോ ഡിവിഷനിലും 75 ലക്ഷം, പ്രധാന റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കാന്‍ 20 കോടി, ഇക്കോ ടൂറിസത്തിന് അഞ്ചുകോടി, ലൈറ്റ് ഫോര്‍ ലൈഫിനു 10 കോടി, ടാഗോര്‍ സെന്റിനറി ഹാളിനു 10 കോടി, ചെമ്പൂക്കാവ് ഷോപ്പിംഗ് കോംപ്ലക്‌സിന് 50 ലക്ഷം, ഒല്ലൂര്‍ സെന്റര്‍ വികസനം -കച്ചവടക്കാരുടെ പുനരധിവാസം എന്നിവയ്ക്കു 10 കോടിയും കാര്‍ഷികമേഖലയ്ക്ക് 20.5 കോടിയും ഉള്‍ക്കൊള്ളിച്ചു.
എയര്‍പോര്‍ട്ടുകളിലുള്ള വോക്കലേറ്റര്‍/ട്രാവലേറ്റര്‍ മാതൃകയില്‍ റെയില്‍വേ സ്റ്റേഷന്‍-കെഎസ്ആര്‍ടിസി- ശക്തന്‍ സ്റ്റാന്‍ഡ് വരെ എലവേറ്റഡ് വോക്കലേറ്റര്‍ നിര്‍മിക്കാനുള്ള പഠനത്തിനു 15 കോടി മാറ്റിവയ്ക്കും.