തൃശൂര്‍: ബാങ്ക് ജീവനക്കാരുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് ബാങ്ക് ജീവനക്കാർ പണിമുടക്കി. സമരത്തെ തുടര്‍ന്ന് ബാങ്കിംഗ് മേഖല സ്തംഭിച്ചു. സി.എസ്.ബി ബാങ്ക് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരും ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്.
കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് കമ്പനിക്ക് സി.എസ്.ബി ബാങ്ക് കൈമാറിയതോടെ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നാണ് പരാതി. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സി.എസ്.ബി ബാങ്ക് ജീവനക്കാര്‍ ദീര്‍ഘകാലമായി നടത്തിയ സമരത്തിലും പരിഹാരം നീളുകയാണ്. ബുധനാഴ്ച മുതല്‍ ത്രിദിന പണിമുടക്കിലാണ് സി.എസ്.ബിയിലെ ജീവനക്കാർ .
Photo Credit Newss Kerala