പത്തനംത്തിട്ട: 2019-ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണന് പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് ധാരണയില്ല. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു. സമഗ്രമായ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി താന്‍ സ്വന്തമായി എത്തിക്കാമെന്നാണ് ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചത്. 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ സ്പോണ്സര്ഷിപ്പില് ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്പങ്ങള്ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല.
എന്നാല്‍, 2019-ല്‍ താന്‍ നല്കിയ സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണന് പോറ്റി രംഗത്തെത്തി. ആരോപണം വന്നതോടെ പ്രതിസ്ഥാനത്തായ ബോര്‍ഡ് സത്യം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ സന്നിധാനത്തെയും ആറന്മുളയിലെയും സ്ട്രോങ് റൂമുകള്‍ 10 ദിവസം അരിച്ചുപെറുക്കി.മഹസറുകളിലെ ഓരോ സാധനവും സ്ട്രോങ് റൂമിലുണ്ടായിരുന്നു. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണന് പോറ്റിയിലേക്ക് സംശയമുന നീണ്ടത്. വെഞ്ഞാറമ്മൂട്ടിലുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് അവ കണ്ടെത്തി. ആരോപണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.