സാംസ്‌കാരിക നഗരത്തിലെ സൗമ്യസാന്നിധ്യം വിടവാങ്ങി
കൊച്ചി: തൃശൂര്‍ സൗഹൃദവേദി പ്രസിഡണ്ടും, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാവുമായ ഡോ. എം. ജയപ്രകാശ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. സമിതിയുടെ ശബ്ദമായി അദ്ദേഹം പൊതുവേദികളില്‍ തിളങ്ങി. പൊതു തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. സാംസ്്കാരിക, സാഹിത്യ മണ്ഡലത്തിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
വെളിയന്നൂരില്‍ 1949-ലായിരുന്നു ജനനം.മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയതിനുശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. തുടര്‍ന്ന് പ്രൈവറ്റായി പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ., ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം, സാഹിത്യത്തില്‍ ഡോക്ടറേറ്റ് എന്നിവ നേടി. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തുവെച്ചു. അനേകം ലേഖനങ്ങളും ചെറുകഥകളും കവിതകളും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍കൂടി പുറത്തുവന്നിട്ടുണ്ട്. തൃശൂരില്‍ പല വാണിജ്യവ്യവസായ സ്ഥാപനങ്ങളുടെയും മേധാവിയായി പ്രവര്‍ത്തനം തുടരുന്നു.
വ്യാപാരി വ്യവസായി പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ജനമദ്ധ്യത്തിലേക്കെത്തിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്. സംഘടനയുടെ യുവജന വിഭാഗത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. 1984-ലെ പൊതുതിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ച ജയപ്രകാശ്, ഇപ്പോള്‍ അഖിലേന്ത്യാ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ സെക്രട്ടറിയാണ്. 1999-ലെ മികച്ച സംഘാടകനുള്ള സി.എം. ജോര്‍ജ്ജ് അവാര്‍ഡ്, 2004-ലെ സൂര്യ ടി.വി.യുടെ ഓള്‍ കേരള എക്‌സലന്‍സ് അവാര്‍ഡ്, 2006ലെ തൃശ്ശൂര്‍ പൗരാവലിയുടെ മികച്ച സാംസ്‌കാരികപ്രതിഭയ്ക്കുള്ള അവാര്‍ഡ്, 2007-ലെ തൃശൂര്‍ പൗരാവലിയുടെ മികച്ച സംഘാടകനുള്ള അവാര്‍ഡ്, 2015-ലെ യു.കെ.യിലെ ആത്മ ഇന്റര്‍നാഷണലിന്റെ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, 2016-ലെ കോലാറിലെ ഗിവിംഗ് ഹാന്റ്‌സ് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2016-ലെ കല്‍ക്കത്തയിലെ സിസ്റ്റര്‍ മാര്‍ഗരറ്റ് ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ അവാര്‍ഡ്, 2017-ലെ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നവരത്‌ന അവാര്‍ഡ് നിരവധി പുരസ്‌കാരങ്ങളും ആദരവും അദ്ദേഹത്തെ തേടിയെത്തി.
സാഹിത്യ ലോകത്തും ശ്രദ്ധേയമായ രചനകള്‍ നിര്‍വഹി്ച്ച അദ്ദേഹത്തിന്റേതായി ‘ഓര്‍മ്മയുടെ ഓളങ്ങളില്‍’, ‘സമരപുളകങ്ങള്‍’,’ഹൃദയാഞ്ജലി’, ‘ജാലകം തുറന്നാല്‍’, ‘സ്മരണകളിരമ്പുന്നു’എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Photo Credit : Newss Kerala