തൃശൂര്‍: അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം.
ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ബൈക്കുകളിലെത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നിര്‍ദേശം നല്‍കി.
വലിയ ശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. സംഭവസമയത്ത് ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ആക്രമണം തന്നെ ലക്ഷ്യമിട്ട് നടന്നതെന്ന് ശോഭാ സുരേന്ദ്രന്‍
തൃശൂര്‍: ആക്രമണം തന്നെ ലക്ഷ്യമിട്ടാണെന്നും, സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാത്രിയില്‍ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ പറഞ്ഞു. വെള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. അതുകൊണ്ടാവാം തന്റെ വീടിന് എതിര്‍വശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്.
പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഉണ്ടായിരുന്നില്ല. താന്‍ കാഷ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയതായിരുന്നു. അതിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
















