തൃശൂര്‍: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച എം.ജി റോഡിലെ ബുഹാരിസ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് ഹോട്ടലിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.
തൃശൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസറും, തൃശൂര്‍ ജില്ലാ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസറും, വെസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹോട്ടല്‍ പരിസരം വൃത്തിഹീനമെന്ന് കണ്ടെത്തിയത്.
തൃശൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.രേഖ മോഹന്‍ അറിയിച്ചു. ഹോട്ടലിന്റെ മുകളില്‍ തൊഴിലാളികള്‍ താമസിക്കുന്നതിനാല്‍ ഹോട്ടല്‍ അടച്ചിടല്‍ ഒഴിവാക്കി. രണ്ട് ദിവസം ഇവിടെ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ച മൂന്ന് വയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഹോട്ടലിനെതിരെ പരാതി നല്‍കാന്‍ തയ്യാറാണെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.