തൃശൂര്‍: ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചതിന്റെ പേരില്‍ തൃശൂര്‍ എം.ജി.റോഡിലെ ബുഹാരീസ് ഹോട്ടലിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ.
പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും, പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടിയുണ്ടായത്. ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി.
ബിരിയാണികഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച ഹോട്ടല്‍ അടപ്പിച്ചത്്. ന്യുനതകള്‍ പരിഹരിച്ച ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും ഹോട്ടല്‍ തുറക്കാവൂ എന്ന് നിര്‍ദേശവും നല്‍കി. എന്നാല്‍ വെള്ളിയാഴ്ച ഹോട്ടല്‍ തുറക്കുകയും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അവരെ ഭീഷണിപ്പെടുത്താന്‍ ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ തടസം നിന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രേഖാ മോഹനെതിരെ ബുഹാരീസ് ഹോട്ടല്‍ ഉടമ ശക്തമായ ആരോപണങ്ങള്‍ ഉന്നയിിച്ചിരുന്നു.