തൃശൂര്‍: ഗണപതി ഭഗവാന്‍ മിത്താണെന്ന പരാമര്‍ശം തിരുത്തിപ്പറഞ്ഞ എം.വി.ഗോവിന്ദനെ താന്‍ പരിഹസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആ തിരുത്ത് വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പരാമര്‍ശം നടത്തിയ സ്പീക്കര്‍ ഷംസീറും തിരുത്തണം. തൃശൂരില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു സതീശന്‍.മിത്ത് വിവാദം ആളിക്കത്തിച്ചത് സി.പി.എമ്മും ബി.ജെ.പിയുമെന്ന് വി.ഡി.സതീശന്‍. ആരോപിച്ചു. വര്‍ഗീയധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ഗോവിന്ദന്റെയും കൂട്ടരുടെയും ശ്രമമെന്നും സതീശന്‍ വിമര്‍ശിച്ചു.
സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. വിഷയം ആളിക്കത്തിക്കുകയാണ് ഇരുകൂട്ടരും ചെയ്തത്. ഇപ്പോഴത്തെ വിവാദം പോലും ഇരുവരും ചേര്‍ന്നുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും സതീശന്‍ ആരോപിച്ചു.
വിഷയം എത്രയും വേഗം തീരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. കേരള സമൂഹത്തിന് പറ്റിയ കാര്യങ്ങള്‍ അല്ല ഇതെന്നും സതീശന്‍ പ്രതികരിച്ചു.
മതപരമായ വിശ്വാസങ്ങളെ ശാസ്ത്രവുമായി കുട്ടിക്കെട്ടേണ്ടതില്ല. വിശ്വാസങ്ങളെ അവരവര്‍ക്ക് വിടുക എന്നതാണ് കോണ്‍ഗ്രസ് നിലപാട്. നാമജപഘോഷയാത്രയ്ക്കെതിരേ കേസെടുത്ത സര്‍ക്കാര്‍ കൈവെട്ടുമെന്നും മോര്‍ച്ചറിയില്‍ കിടത്തുമെന്നും ഭീഷണി മുഴക്കിയവര്‍ക്കെതിരേ കേസെടുത്തില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
ഗോള്‍വല്‍ക്കരുടെ വിചാരധാരയെ വിമര്‍ശിച്ചതിന് തനിക്കെതിരെ കണ്ണൂരില്‍ ആര്‍.എസ്.എസ് കേസ് കൊടുത്തിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു.
സതീശന്റെ മനസില്‍ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകളുണ്ടെന്ന എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.